കൊച്ചി: കടല്‍ത്തിര വീടിനുള്ളിലേക്ക് ആര്‍ത്തലച്ച് വന്നപ്പോള്‍ ഓടിമാറണമെന്ന് പൗലീഞ്ഞിനുണ്ടായിരുന്നു. പക്ഷേ, തളര്‍വാതം വന്ന് കിടപ്പിലായതിനാല്‍ ഒന്നിനും കഴിഞ്ഞില്ല. തിരകള്‍ പൗലീഞ്ഞിന്റെ മുകളിലൂടെ അടിച്ചുകയറി.
വേളാങ്കണ്ണി ബസാറിലെ ആരേശ്ശേരി വീട്ടില്‍ പൗലീഞ്ഞ് പത്ത് വര്‍ഷമായി തളര്‍വാതം പിടിപെട്ട് കിടപ്പിലായിരുന്നു. തിരയടിച്ചുകയറിയപ്പോള് മകന് ജോസഫ് പൗലീഞ്ഞിനെ കട്ടിലില്‍ നിന്ന് എടുത്തുയര്‍ത്തിയാണ് രക്ഷപ്പെടുത്തിയത്. ചുഴലിക്കാറ്റ് വീശുമെന്നും തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം വന്നതുമുതല്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രാര്‍ത്ഥനയോടെ ഇരിക്കുകയായിരുന്നു പൗലീഞ്ഞിന്റെ കുടുംബം.
പുലര്‍ച്ചെ വേലിയേറ്റത്തോടെ തിര ശക്തിയാര്‍ജ്ജിച്ചു. വീട്ടിന്റെയുള്ളിലേയ്ക്ക് തിരമാല അടിച്ചുകയറി. കടലിനോട് ചേര്‍ന്നുള്ള വീടാണ്. ചെളിയും മണ്ണും ഒക്കെ വീട്ടിലേയ്ക്ക് തള്ളിക്കയറി. വീട്ടുപകരണങ്ങളും പാത്രങ്ങളും മറ്റും ഒഴികുപ്പോയി. സുഖമില്ലാത്ത അച്ഛനെയും അമ്മയെയും മക്കളെയും ഭാര്യയെയും അങ്ങനെ രക്ഷപ്പെടുത്തുമെന്ന ആശങ്കയിലായിരുന്നു ആദ്യമണിക്കൂറുകളിലെന്ന് പൗലീഞ്ഞിന്റെ മകന് ജോസഫ്.
പഴയവീടായിരുന്നു, എല്ലാം തകര്‍ന്നു, വീട്ടുപകരണങ്ങളും ഒഴുകിപ്പോയി. രണ്ട് കുട്ടികളേയും കിടപ്പാലയ അപ്പച്ചനെയും ചുമലിലേറ്റി ഭാര്യയെയും അമ്മയെയും ചേര്‍ത്ത് പിടിച്ച് അരക്കെട്ടോളം വെള്ളം നീന്തിയാണ് രക്ഷപ്പെട്ടതെന്ന് ജോസഫിന്റെ ഭാര്യ റോസ്മേരി പറഞ്ഞു. തിരയടിച്ച്കയറുമ്പോള് തന്റെ കുടുബത്തെ നെഞ്ചോട് ചേര്‍ത്ത് ജോസഫ് ദുരതാശ്വാസ കേന്ദ്രത്തിലെത്തി. ഒന്ന് അനങ്ങാല് പോലുമാകാതെ് സ്കൂളിലെ ബഞ്ചിലാണ് പൗലീഞ്ഞ് കിടക്കുന്നത്.
കടല്‍ഭിത്തിയും പുലിമുട്ടും സ്ഥാപിക്കാമെന്ന് പലവട്ടം സര്‍ക്കാര്‍ പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഞങ്ങളുടെ ദുരിതം കാണാന്‍ ജനപ്രതിധിനികള്‍ ഈ പ്രദേശത്തേയ്ക്ക് എത്തിനോക്കാറുപോലുമില്ലെന്നും റോസ്മേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: