തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍പ്പെട്ടുപോയവരെ രക്ഷപെടുത്താന്‍ ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് തിരുവനന്തപുരം കളക്ടര്‍ ഡോ കെ. വാസുകി അറിയിച്ചു. കര, വ്യോമ, നാവികസേനകളുടെ തിരച്ചില്‍ നടന്നുവരികയാണ്. വ്യോമസേനയുടെ നാലു എയര്‍ക്രാഫ്റ്റുകളും നാവികസേനയുടെ കപ്പലുകളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നത്. 80 ല്‍ അധികം പേരെ രക്ഷപ്പെടുത്തി. ആവശ്യമുള്ളവര്‍ക്ക് വൈദ്യസഹായം നല്‍കി. എയര്‍ക്രാഫ്റ്റുകള്‍ കൊല്ലം, കുളച്ചല്‍ മേഖലകളിലായി 60 കിലോമീറ്ററോളം ചുറ്റി നിരീക്ഷിക്കുന്നുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ച ഉടന്‍ ജില്ലാ ഭരണകൂടം പോലീസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് വേണ്ട തയ്യാറെടുപ്പുകളെല്ലാം ചെയ്തിരുന്നു. മുന്നറിയിപ്പ് ലഭിക്കുന്നതിന് മുന്നേ കടലില്‍ മത്സ്യത്തൊഴിലാളികള്‍ പൊയ്‌ക്കഴിഞ്ഞിരുന്നു. രാവിലെ പെരുമാതുറയില്‍ കണ്ടെത്തിയ ആളെ ചിറയിന്‍കീഴ് പൂത്തുറയില്‍ നിന്ന് രക്ഷപ്പെടുത്തി. അടുത്ത 48 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം തുടരുമെന്നും കളക്ടര്‍ പറഞ്ഞു.
















