കളമശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് കളമശ്ശേരി നഗരസഭാ കൗണ്‍സില്‍ ചര്‍ച്ചയ്ക്കെടുത്ത സമയത്ത് ഡിവൈഎഫ്ഐ പ്രതിഷേധവുമായെത്തിയത് പ്രതിപക്ഷത്തെ വെട്ടിലാക്കി. എച്ച്എംടി ജംഗ്ഷന് വികസന പദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ കത്ത് ചര്‍ച്ചചെയ്യുന്നതിനിടെയാണ് സംഭവം.
കളമശ്ശേരി നഗരസഭ കേരളോത്സവം സംഘടിപ്പിക്കാത്തതിനെതിരെയാണ് ഡിവൈഎഫ്ഐ സമരം നടത്തിയത്. സമരക്കാര്‍ എത്തുമ്പോള്‍ യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങാനായിരുന്നു പ്രതിപക്ഷം തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ കത്ത് ചര്‍ച്ചചെയ്യലും സമരവും ഒരുപോലെ വന്നതോടെയാണ് പ്രതിപക്ഷം കുടുങ്ങിയത്.
അജണ്ട ചര്‍ച്ച ചെയ്ത് തീരുന്നതുവരെ ഡിവൈഎഫ്ഐ ഹാളിനു മുന്നില്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. വാതില്‍ തള്ളിത്തുറന്ന് ഹാളില്‍ പ്രവേശിക്കാനും സമരക്കാര്‍ ശ്രമം നടത്തി. ജീവനക്കാര്‍ വാതില്‍ പൂട്ടിയതിനാല്‍ സമരക്കാര്‍ക്ക് കയറാനായില്ല. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ പോലീസ് സ്ഥലത്തെത്തി എല്ലാവരേയും അറസ്റ്റ് ചെയ്ത് നീക്കി.
എച്ച്എംടി ജംഗ്ഷന് ഡവലപ്മെന്റെ് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു കത്ത്. ജംഗ്ഷന് വികസനത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കളമശേരി നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എ.കെ ബഷീറാണ് മുഖ്യമന്ത്രിയുടെ കത്ത് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: