തിരുവനന്തപുരം: 51 യുവതികള്‍ക്ക് മംഗല്യമൊരുക്കി രാജധാനിഗ്രൂപ്പിന്റെ ഇന്ദിരാ ചാരിറ്റബിള്‍ ട്രസ്റ്റ്. ജാതിമതഭേദമെന്യേ നടത്തിയ വിവാഹത്തില്‍ കാഴ്ചക്കുറവുള്ള 10 യുവതികളും സുമംഗലികളായി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് വിവാഹിതരായത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച ചില വിവാഹങ്ങളും ട്രസ്റ്റ് ഏറ്റെടുത്ത് നടത്തുകയായിരുന്നുവെന്ന് ചെയര്‍മാന്‍ ബിജുരമേശ് പറഞ്ഞു.
കാഴ്ച വൈകല്യമുള്ള പത്തുദമ്പതികളെ കേരള ബ്ലൈന്‍ഡ് അസോസിയേയേഷനാണ് കണ്ടെത്തി നല്‍കിയത്. മറ്റുള്ളവരെ ജനപ്രതിനിധികളുടെ സഹായത്തോടെ കണ്ടെത്തി. അവരവരുടെ മതാചാരപ്രകാരമായിരുന്നു വിവാഹം. വിവാഹസമ്മാനമായി അഞ്ചുപവന്‍സ്വര്‍ണവും പതിനായിരം രൂപയും നല്‍കി. ഒപ്പം വിവാഹവസ്ത്രങ്ങളും സദ്യയും. നാലായിരം പേര്‍ക്കുള്ള സദ്യയാണ് ഒരുക്കിയിരുന്നത്. ഇതര ജില്ലകളില്‍ നിന്നെത്തിയവര്‍ക്ക് നഗരത്തില്‍ വിശ്രമിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
വഴുതക്കാട് സുബ്രഹ്മണ്യം ഹാളിലായിരുന്നു വിവാഹം. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍, ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശനന്ദ, സ്വാമി നിത്യാനന്ദ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ. രാജു, എംഎല്‍എമാരായ ഒ. രാജഗോപാല്‍, അടൂര്‍പ്രകാശ്, സി. ദിവാകരന്‍, എംപിമാരായ കെ.വി. തോമസ്, എ. സമ്പത്ത്, സി. നാരായണന്‍, ബിജെപി വക്താവ് അഡ്വ ജെ.ആര്‍. പത്മകുമാര്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ എംപി പീതാംബരകുറുപ്പ്, മണക്കാട് വലിയ പള്ളി ഇമാം അബ്ദുല്‍ ഗഫാര്‍ മൗലവി, ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ് എന്നിവര്‍ വധൂവരന്മാരെ ആശീര്‍വദിക്കാനെത്തി.
















