കണ്ണൂര്‍: രാഷ്‌ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെയ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ ഇന്‍ക്ലൂസീവ് ഫെസ്റ്റും രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍കരണ പരിപാടിയും സംഘടിപ്പിക്കുന്നു. റവന്യൂ ജില്ലാ തല ഉദ്ഘാടനം ചൊവ്വ എച്ച്എസ്എസില്‍ മൂന്നിന് രാവിലെ പത്തിന് പി.കെ.ശ്രീമതി എംപി നിര്‍വഹിക്കും. വൈകീട്ട് സമാപന സമ്മേളനം കണ്ണൂര്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. കുട്ടികളും രക്ഷിതാക്കളും അടക്കം നാനൂറോളം പേര്‍ പങ്കെടുക്കും. ഭിന്നശേഷിക്കാരായ കുട്ടികളും മറ്റ് കുട്ടികളും ചേര്‍ന്നുള്ള കലാ പരിപാടികള്‍ പരിപാടികളും ഉണ്ടാവും. ദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ പരിപാടിയില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ മൂത്തേടത്ത് എച്ച്.എസ്.എസില്‍ ജയിംസ് മാത്യു എംഎല്‍എ ഉദ്ഘാടനം ചെയ്യും. തലശ്ശേരി വിദ്യാഭ്യാസ ജില്ലാതല പരിപാടിനടക്കുന്ന കൂത്തുപറമ്പ് എച്ച്.എസ്.എസില്‍ കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡണ്ട് എ.അശോകന്‍ ഉദ്ഘാടനം ചെയ്യും. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ മുന്നിലേക്ക് ഉയര്‍ത്തിക്കാണിക്കുവാനും ആവശ്യമായ പരിഹാര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താനുള്ള സമൂഹത്തിന്റെ ബാധ്യത തിരിച്ചറിയുവാനും സഹായകമാവും വിധമാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കലാമത്സരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനം ലഭിക്കും.
















