കോട്ടയം: ശബരിമല തീര്‍ത്ഥാടകരെ ഐ എസ് ഭീകരര്‍ ലക്ഷ്യം വയ്‌ക്കുന്നതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ആര്‍പിഎഫിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സില്‍ നിന്ന് 15 പേരെയും ട്രിച്ചി ഡിവഷനില്‍ നിന്ന് 12 പേരെയും സുരക്ഷയ്‌ക്കായി നിയോഗിച്ചു. റെയില്‍വേ സ്റ്റേഷനും സമീപ സ്ഥലങ്ങളും നിരീക്ഷിക്കുന്നതിനായി 15 സിസിടിവി ക്യാമറകളും സ്ഥാപിച്ചു. പത്ത് ദിവസം വരെയുള്ള ദൃശ്യങ്ങള്‍ സുക്ഷിക്കാന്‍ ശേഷിയുള്ളതാണ് ഈ ക്യാമറകള്‍.
ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷ കൂട്ടണമെന്ന് റെയില്‍വേ സംരക്ഷണ സേന ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് തീര്‍ത്ഥാടനം തുടങ്ങിയപ്പോള്‍ മുതല്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ കൂട്ടിയിരുന്നു. ഇതിന് പുറമേയാണ് കൂടുതല്‍ സുരക്ഷാ സൈനികരെ കൂടി വിന്യസിക്കുന്നത്. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയും സ്റ്റേഷനിലുണ്ടാകും. ഭീകരര്‍ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും റെയില്‍വേ കണക്കിലെടുത്തിട്ടുണ്ട്.
ശബരിമല തീര്‍ത്ഥാടനത്തിനായി അന്യസംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം തീര്‍ത്ഥാടകര്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നുണ്ട്. ഇത് കണക്കിലെടുത്താണ് തീര്‍ത്ഥാടന കാലത്ത് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ മാത്രമല്ല ട്രെയിനുകളിലും അധിക സുരക്ഷ ഏര്‍പ്പെടുത്തിയതായി ആര്‍പിഎഫ് അധികൃതര്‍ പറഞ്ഞു. സംശയമുളള യാത്രക്കാരുടെ ബാഗുകളും ലഗേജും വര്‍ദ്ധിപ്പിക്കും. രാത്രി ട്രെയിനുകളില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുമ്പോഴും ആവശ്യത്തിന് സുരക്ഷ സൈനികര്‍ ഇല്ലാത്തതാണ് ആര്‍പിഎഫ് നേരിടുന്ന പ്രധാന പ്രശ്‌നം. വനിതാ ഉദ്യോഗസ്ഥര്‍ നാമമാത്രമായതിനാല്‍ സംശയമുളള വനിതാ യാത്രക്കാരെയും അവരുടെ ബാഗും പരിശോധിക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതേ സമയം ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പ് വരുത്താന്‍ നടപടി സ്വീകരിച്ചതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
















