ജനീവ: ലോകരാജ്യങ്ങള്‍ മാരക രോഗങ്ങളുടെ പിടിയിലമരുമ്പോള്‍ ഞട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. ലഭ്യമാകുന്ന ജീവന്‍രക്ഷാ മരുന്നുകളിലും മറ്റ് മരുന്നുകളിലും പത്തിലൊന്നും വ്യാജമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ഇത് രോഗങ്ങള്‍ക്കുള്ള ചികിത്സ അസാധ്യമാക്കുന്നുവെന്ന് മാത്രമല്ല ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ അദ്‌നോം ഗബ്രിയീസസ് ആണ് ഈ വിവരം വ്യക്തമാക്കിയത്.
2013മുതല്‍ ലോകാരോഗ്യ സംഘടന നടത്തി വന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ആന്റിബയോട്ടിക്കുകളടക്കം ഒരു വര്‍ഷം 1,500ലേറെ വ്യാജമരുന്നുകള്‍ ലോകരാജ്യങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്നായിരുന്നു അന്നത്തെ കണക്ക്. ആകെ 42ശതമാനം മരുന്നുകള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ ഇതില്‍ 21 ശതമാനവും ആഫ്രിക്കന്‍ മേഖലയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍, ഈ കണക്കുകള്‍ പോലും കൃത്യമല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നതിന്റെ എത്രയോ മടങ്ങ് വ്യാജമരുന്നുകളാകാം ഉത്പാദിപ്പിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയുമെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ജീവനുതന്നെ ഭീഷണിയായേക്കാവുന്ന ഇത്തരം വ്യാജമരുന്നുകള്‍ കണ്ടെത്താനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ഇത്തരം മരുന്നുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കുമെന്നും ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
















