നെയ്യാറ്റിന്‍കര: മാരായമുട്ടം കോട്ടയ്‌ക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ക്വാറിയിലുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് ക്വാറി നടത്തിപ്പുകാരനെ നെയ്യാറ്റിന്‍കര പോലീസ് പിടികൂടി. നെയ്യാറ്റിന്‍കര കാരക്കോണം കുന്നത്തുകാല്‍ അരുവിയോട് സ്വദേശി അലോഷ്യസ് (54) നെയാണ് തമിഴ്‌നാട്ടില്‍ നിന്നും നെയ്യാറ്റിന്‍കര സിഐ പ്രദീപിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്. ക്വാറി പ്രവര്‍ത്തിച്ചിരുന്ന വസ്തുവിന്റെ ഉടമയായ കവടിയാര്‍ നന്തന്‍കോട് നളന്ദ ജങ്ഷനില്‍ അശ്വതിയില്‍ സുകുമാരനെ (77) കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. സംഭവശേഷം ഒളിവില്‍ പോയ അലോഷ്യസിനെ അതിര്‍ത്തി പ്രദേശമായ ഊരമ്പിലുളള ബന്ധുവീട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.
17 വര്‍ഷമായി അലോഷ്യസ് ഈ വസ്തുവില്‍ പാറഖനനം നടത്തി വരികയായിരുന്നു. ലോറി ഡ്രൈവറായി ക്വാറിയിലെത്തിയ ഇയാള്‍ ഇപ്പോള്‍ ക്വാറി നില്‍ക്കുന്ന വസ്തു വിലയ്‌ക്ക് വാങ്ങുകയായിരുന്നു. ഇതിനു ശേഷം അലോഷ്യസിന് ഒരു കാര്യത്തിലും തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. പ്രകൃതി ചൂഷണത്തിലൂടെ ധനവാനായി മാറിയ അലോഷ്യസ് മാസങ്ങള്‍ക്ക് മുന്‍പാണ് ഇപ്പോള്‍ ക്വാറി നില്‍ക്കുന്ന വസ്തു സുകുമാരന് വിറ്റത്. ഇതിനു ശേഷം സുകുമാരനില്‍ നിന്നും വസ്തു പാട്ടത്തിനെടുക്കുകയായിരുന്നു. ആദ്യകാലങ്ങളില്‍ ക്വാറിയ്‌ക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായി പറയുന്നു. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്വാറിയുടെ പെര്‍മിറ്റ് പുതുക്കുന്ന സമയം പരിസ്ഥിതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ലൈസന്‍സ് എടുക്കാന്‍ സാധിക്കാതാകുകയായിരുന്നു. പിടിയിലായ പ്രതികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ്്് മാരായമുട്ടം പോലീസ് കേസെടുത്തിട്ടുളളത്.
















