പാലക്കാട്: സേലത്ത് നിന്നും മേലാറ്റൂരിലേക്ക് വ്യാപാര ആവശ്യാര്‍ത്ഥം ട്രൈയിനില്‍ കൊണ്ടുവന്ന 55 ലക്ഷം രൂപ ഒലവക്കോട് വച്ച് കൊള്ളയടിച്ച സംഭവത്തില്‍ ഒരാളെക്കൂടി പാലക്കാട് ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.ശിവശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു.
നാലാം പ്രതി കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, കമ്മത്തേരിക്കുന്ന് സ്വദേശി അഷ്റഫ് എന്ന കിടു അഷ്റഫിനെ (41) യാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ജൂലൈ മാസം 26 ന് പുലര്‍ച്ചെയാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതി ജലീലും, മലപ്പുറം പനങ്ങാങ്ങര സ്വദേശി ഉണ്ണി മുഹമ്മദും കൂടിയാണ് ഗള്‍ഫിലുള്ള എന്‍ആര്‍ഐ വ്യവസായി നാസറിന്റെ നിര്‍ദ്ദേശ പ്രകാരം സേലത്തു നിന്നും കൊണ്ടുവരികയായിരുന്ന 55 ലക്ഷം രൂപയുമായി ഒലവക്കോട് ട്രൈയിനിറങ്ങിയത്.
മേലാറ്റൂരിലേക്ക് പോവാന്‍ ബസ് കാത്തുനില്‍ക്കവേ പോലീസാണെന്ന് പറഞ്ഞ് രണ്ട് വാഹനങ്ങളിലെത്തിയ ആറംഗ സംഘം ഇരുവരെയും ഓരോ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോവുകയും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന ശേഷം ആലത്തൂര്‍ കാവശ്ശേരിക്കടുത്ത് പുലര്‍ച്ചെ ഇറക്കി വിടുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് നോര്‍ത്ത് പോലീസില്‍ പരാതി നല്കി കേസ്സെടുത്ത് അന്വേഷണം നടത്തിയതില്‍ ഒന്നാം ജലീലിനെയും, രണ്ടാം പ്രതി ബഷീറിനെയും രണ്ടാഴ്ച മുന്‍പ് അറസ്റ്റു ചെയ്തിരുന്നു. മൂന്നാം പ്രതി കരീമും, ക്വട്ടേഷന്‍ സംഘാങ്ങളും ഒളിവില്‍ പോയിരുന്നു. ക്വട്ടേഷന്‍ സംഘത്തിന്റെ ലീഡറാണ് കിടു എന്ന അഷ്റഫ്. ജലീലിനെയും ബഷീറിനെയും അറസ്റ്റു ചെയ്ത വിവരമറിഞ്ഞ ഡല്‍ഹിയിലേക്ക് മുങ്ങിയ അഷ്റഫ് നാട്ടിലെത്തിയ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പിടികൂടാനായത്. 8 ലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്.ഇവര്‍ കൂടുതല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: