വൈഷ്ണവരുടെ 108 ദിവ്യദേശങ്ങളില്‍ ഒന്നത്രെ കാഞ്ചീപുരത്തെ അഷ്ടഭുജപെരുമാള്‍ ക്ഷേത്രം. ആദികേശവ പെരുമാളും ദേവി അലര്‍മേല്‍ മങ്കൈയുമാണ് മുഖ്യപ്രതിഷ്ഠകള്‍. ഭഗവാന്റെ വലതുവശത്തെ നാലു കൈകളില്‍ ചക്രം, വാള്‍, പുഷ്പം, വില്ല് എന്നിവയും ഇടതുവശത്തെ കൈകളില്‍ ശംഖും വില്ലും പരിചയയും ഗദയുമാണ് പിടിച്ചിരിക്കുന്നത്. പടിഞ്ഞാട്ട് അഭിമുഖമായാണ് പ്രതിഷ്ഠ.
ബ്രഹ്മാവ് കാഞ്ചീപുരത്ത് യാഗം നടത്തവെ അസുരന്മാര്‍ അവിടെ ശല്യം ചെയ്യാനെത്തി. ദേവന്മാര്‍ ബ്രഹ്മാവിന്റെ രക്ഷയ്‌ക്കെത്തി. വിഷ്ണു നരസിംഹ രൂപമെടുത്ത് എത്തിയതോടെ അസുരന്മാര്‍ ഓടിയകന്നു. പക്ഷേ, തങ്ങളെ രക്ഷിക്കണമെന്ന് ശ്രീപരമശിവനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ശിവന്‍ എട്ടു കൈകളുള്ള ശരഭരൂപമെടുത്ത് അവിടെയെത്തി. ശരഭനില്‍നിന്ന് തന്നെ രക്ഷിക്കണമെന്നഭ്യര്‍ത്ഥിച്ച് ബ്രഹ്മാവ് വിഷ്ണുവിന് മുന്നിലെത്തി. വിഷ്ണു അഷ്ടഭുജങ്ങളുമായി ശരഭനെ തോല്‍പ്പിക്കാനെത്തി.
ക്ഷേത്രത്തിലെ വരാഹമൂര്‍ത്തിയുടെ പ്രതിഷ്ഠ വലതുകാല്‍ നിലത്തും ഇടതുകാല്‍ ആണ്‍-പെണ്‍ നാഗങ്ങളുടെ ഫണത്തിനു മുകളില്‍ ചവിട്ടി നില്‍ക്കുന്ന നിലയിലുമാണ്; ഭൂദേവി വരാഹമൂര്‍ത്തിയുടെ ഇടതുതുടയില്‍ ഇരിക്കുന്ന നിലയിലും. വരാഹസ്വാമിയുടെ ഇടതുകൈ ദേവിയുടെ അരക്കെട്ടിലും വലതുകൈ കാലിലും പിടിച്ചിരിക്കുന്നു. യാഗശാലയുടെ വായുകോണില്‍ ‘ശരഭേശ്വരന്റെ’ രൂപത്തിലുള്ള പ്രതിഷ്ഠ അഷ്ടഭുജങ്ങളുമായെത്തിയ വിഷ്ണു വധിച്ച പാമ്പുകളുടേതത്രെ.
തീര്‍ത്ഥം ഗജേന്ദ്ര പുഷ്‌കരണി. മാര്‍കഴി മാസത്തിലെ വൈകുണ്ഠ ഏകാദശിയും തമിഴിലെ ചിത്തിര മാസത്തിലെ (ഏപ്രില്‍-മെയ്) ബ്രഹ്മോത്സവവും പങ്കുനി മാസത്തിലെ രാമനവമിയും ആടിമാസത്തിലെ (ജൂലായ്-ആഗസ്റ്റ്) ഗജേന്ദ്രമോക്ഷവുമാണ് പ്രധാന ഉത്സവങ്ങള്‍.
നിരവധി ശില്‍വങ്ങളുണ്ട് ക്ഷേത്രച്ചുമരുകളില്‍. കാഞ്ചീപുരം ടൗണില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. വീടുവയ്‌ക്കാനോ കൃഷി ഇറക്കാനോ ഭൂമി വാങ്ങാന്‍ ഉദ്ദേശ്യമുള്ളവരും വീടു പണിത് താമസമാക്കിയശേഷം കഷ്ടതകള്‍ ഉണ്ടാകുന്നവരും ഇവിടെ വഴിപാടുകള്‍ നടത്തുന്നത് നല്ലതാണ്.
രാവിലെ ഏഴ് മണിക്ക് തുറക്കുന്ന നട ഉച്ചയ്‌ക്ക് 12 മണിക്ക് അടയ്‌ക്കും. വൈകിട്ട് നാലിന് തുറന്ന് രാത്രി എട്ടിന് അടയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: