തിരുവനന്തപുരം: ആദിശങ്കരാചാര്യരുടെ പരമ്പരയില്‍പ്പെട്ട മുഞ്ചിറമഠം സ്വാമിയാര്‍മാരുടെ അപൂര്‍വസംഗമം ഇന്നലെ തിരുവനന്തപുരത്ത് നടന്നു. ഈ പരമ്പരയില്‍പ്പെട്ട സ്വാമിമാര്‍ 65 വര്‍ഷങ്ങള്‍ക്കുശേഷമാണ് തിരുവനന്തപുരത്ത് സംഗമിച്ചത്. രാവിലെ ശ്രീപത്മനാഭസ്വാമിക്ഷേത്രദര്‍ശനം നടത്തി. ദര്‍ശനം കഴിഞ്ഞെത്തിയ സ്വാമിമാരെ പടിഞ്ഞാറേനടയില്‍ പൂര്‍ണകുംഭം നല്‍കി ഭക്തര്‍ സ്വീകരിച്ചു. തുടര്‍ന്ന് സ്വാമിമാര്‍ കന്യാകുമാരി ജില്ലയിലെ മുഞ്ചിറമഠത്തില്‍ ദര്‍ശനം നടത്തി. മുഞ്ചിറമഠം സമാധിസ്ഥലത്ത് യോഗേശ്വര പൂജ നടത്തി പൂര്‍വിക സ്വാമിയാര്‍മാരെ ആദരിച്ച ശേഷമാണ് വൈകിട്ട് ആചാര്യസംഗമവും സത്‌സംഗവും നടന്നത്.
കേരളത്തിലെ 5 മഠങ്ങളിലെ സ്വാമിയാര്‍മാരാണ് തിരുവനന്തപുരത്ത് സംഗമിച്ചത്. ചേങ്കോട്ടുകോണം ആശ്രമത്തിലെ സ്വാമി കൃഷ്ണബ്രഹ്മാനന്ദ ഭാരതി അനുഗ്രഹപ്രഭാഷണം നടത്തി. ആദിശങ്കരാചാര്യരുടെ ശിഷ്യപരമ്പരയില്‍പ്പെട്ടവരാണ് മുഞ്ചിറമഠം സ്വാമിമാര്‍. ഈ സ്വാമിമാരാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിമാരാകുന്നത്. മുഞ്ചിറമഠത്തില്‍ അടുത്തകാലംവരെ മഠാധിപതി സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇപ്പോള്‍ സ്വാമി പരമേശ്വരബ്രഹ്മാനന്ദ തീര്‍ഥ മഠാധിപതിയായി ചുതമല വഹിക്കുന്നു. വൃശ്ചികമാസത്തിലെ അവിട്ടം നക്ഷത്രത്തിലാണ് ഈ പരമ്പരയില്‍പ്പെട്ട 17 പുഷ്പാഞ്ജലി സ്വാമിയാര്‍മാര്‍ സമാധിയായത്. അതിന്റെ സ്മരണയ്‌ക്കായാണ് ഈ ദിവസം ആചാര്യസംഗമത്തിനായി തെരഞ്ഞെടുത്തത്. മുഞ്ചിറമഠം മഠാധിപതി സ്വാമി പരമേശ്വരബ്രഹ്മാനന്ദ തീര്‍ഥയുടെ നേതൃത്വത്തില്‍ കേരളബ്രാഹ്മണസഭ, യോഗക്ഷമസഭ, മാധ്വ തുളു ബ്രാഹ്മണസമാജം എന്നിവര്‍ ചേര്‍ന്നാണ് സംഗമം സംഘടിപ്പിച്ചത്.
















