നാഗര്‍കോവില്‍: ആയിരക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി ഒളിവില്‍ പോയശേഷം കോടതിയില്‍ കീഴടങ്ങിയ മുഖ്യഉടമ കെ. നിര്‍മലന് പോലീസ് കസ്റ്റഡിയില്‍ സുഖവാസം. നാഗര്‍കോവില്‍ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതി. മൂന്നുനേരം മുന്തിയ ഇനം ഹോട്ടല്‍ ഭക്ഷണം, കുളി, താമസം എല്ലാം വിഐപി പരിഗണനയിലാണ്. ഇതിന് ലക്ഷങ്ങളാണ് ഇടനിലക്കാര്‍ മുഖാന്തരം വകുപ്പിലെ ഉന്നതര്‍ക്കടക്കം നല്‍കിയിരിക്കുന്നതെന്നാണ് ആക്ഷേപം.
രണ്ടുതവണയായി പോലീസ് കസ്റ്റഡി കാലാവധി പത്തുദിവസമാകുമ്പോഴും പ്രതിയില്‍ നിന്ന് വേണ്ടത്ര വിവരങ്ങള്‍ ശേഖരിക്കാനോ ബിനാമി സ്വത്തുക്കളുടെ ഉറവിടം കണ്ടെത്താനോ പോലീസ് വേണ്ടത്ര താത്പര്യം കാട്ടിയില്ല. എന്നാല്‍ വീണ്ടും കസ്റ്റഡി കാലാവധി നീട്ടി ചോദിക്കാനുള്ള അണിയറ നീക്കം പുരോഗമിക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറുകണക്കിന് ഏക്കര്‍ റബ്ബര്‍ത്തോട്ടം, ഹോട്ടല്‍, മണിമാളികകള്‍, കശുവണ്ടിശാലകള്‍, മറ്റ് നിരവധി തൊഴില്‍സ്ഥാപനങ്ങള്‍ എന്നിവയെല്ലാം സ്വന്തം പേരിലും ബന്ധുക്കളുടെയും മറ്റ് ബിനാമികളുടെയും പേരില്‍ വാങ്ങിക്കൂട്ടിയ ശേഷമാണ് നിര്‍മലന്‍ ഒളിവില്‍ പോയത്.
നേരത്തെ പോലീസ് പിടിയിലായി ജയിലില്‍ കിടക്കുന്ന മുഖ്യബിനാമികളും ജീവനക്കാരുമായ ശേഖരന്‍, അജിത്ത്, രവീന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിര്‍മലനെ ചോദ്യംചെയ്താല്‍ തട്ടിപ്പിന്റെ പൂര്‍ണവിവരം ലഭിക്കുമെന്നിരിക്കെ അന്വേഷണവിഭാഗം ഇതുവരെ അതിനു തയ്യാറായിട്ടില്ല. തിരുവനന്തപുരം കോടതിയിലും രണ്ട് നിക്ഷേപതട്ടിപ്പ് കേസുകള്‍ ഉള്ളതുകൊണ്ട് തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡി കാലാവധിക്കുശേഷം കേരളപോലീസിനെ ഉപയോഗിച്ച് കസ്റ്റഡിയില്‍ വാങ്ങാനും നീക്കമുണ്ട്. മധുരയിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുംവരെ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ് ജയില്‍വാസം ഒഴിവാക്കാനുള്ള ഗൂഢപദ്ധതിയാണ് ക്രിമിനല്‍ അഭിഭാഷകരുടെയും പോലീസിന്റെയും മുന്‍ മന്ത്രിയുടെയും ഭരണകക്ഷി നേതാവിന്റെയും പിന്തുണയോടെ അരങ്ങേറുന്നത്.
















