കാക്കനാട്: പദ്ധതി തുക ചെലവഴിക്കല്‍ ഡിസംബറില്‍ 70 ശതമാനമാക്കി ഉയര്‍ത്താന്‍ തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. സാമ്പത്തിക വര്‍ഷം എട്ടു മാസം പിന്നിട്ടിട്ടും പദ്ധതി നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലും 16 ശതമാനം മാത്രം എത്തിനില്‍ക്കുന്ന തൃക്കാക്കര നഗരസഭാധികൃതരെ മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കടുത്ത ഭാഷയില്‍ ശാസിച്ചതിനെ തുടര്‍ന്നാണ് ഒരു മാസത്തിനുള്ളില്‍ പദ്ധതി നിര്‍വഹണം വേഗത്തിലാക്കാന്‍ പ്രത്യേക കൗണ്‍സില്‍ യോഗ തീരുമാനം. രണ്ട് കേടി രൂപയോളം ബില്ല് മാറാതെ ട്രഷറിയില്‍ കെട്ടിക്കിടക്കുന്നതില്‍ കൗണ്‍സില്‍ ആശങ്ക രേഖപ്പെടുത്തി. ജനറല്‍ വിഭാഗത്തില്‍ 4.87 കോടിയും പട്ടിക വിഭാഗ ക്ഷേമത്തിനായുള്ള 2.80 കോടിയുടെയും പദ്ധതി പണം ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്. നഗരസഭ പ്രദേശത്ത് 2017- 2018 സാമ്പത്തിക വര്‍ഷം നടപ്പാക്കേണ്ട 14.2 കോടിയുടെ പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചിരുന്നത്. പ്ലാന്‍ ഫണ്ട് ഇനത്തില്‍ സാധാരണ വിഹിതമായി 4.97 കോടി രൂപയും ധനകാര്യ കമ്മീഷന് ഗ്രാന്റായി 6.45 കോടിയും പ്രത്യേക ഘടക പദ്ധതികള്‍ക്കായി 2.80 കോടിയും റോഡ് മെയിന്റനന്‍സ് ഗ്രാന്റായി 1.34 കോടിയും നഗരസഭയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനു പുറമേ 42 കോടിയുടെ തനത് ഫണ്ടും ഈ സാമ്പത്തിക വര്‍ഷം വികസനത്തിനു ചെലവഴിക്കുമെന്നായിരുന്നു നഗരസഭയുടെ പ്രഖ്യാപനം.1.12 കോടി ചെലവഴിച്ച് ബിഎംപിസി നിലവാരത്തില്‍ ലക്ഷ്യമിടുന്ന റോഡുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഭാരതമാത കോളജിന് സമീപം വള്ളത്തോള്‍ മുതല്‍ സിവില്‍ സ്റ്റേഷന് സമീപം സിഗ്നല്‍ ജംങ്ഷന് വരെയും അവിടെ നിന്ന് ഐ.ജി ജംങ്ഷന് വരെ എല്‍ഇഡി ലൈറ്റുകള്‍ ഉടന്‍ സ്ഥാപിക്കാനും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന ഏഴു ദിവസം കൊണ്ടാണ് 60 ശതമാനം എക്സ്പെന്‍ഡിച്ചര്‍ പൂര്‍ത്തീകരിച്ചതെന്നും ഹോട്ടലില്‍ മുറിയെടുത്തു ബില്ലുകള്‍ എഴുതി തീര്ക്കുകയായിരുന്നില്ലേയെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി കളക്ടറേറ്റിലെ അവലോകന യോഗത്തില്‍ വിമര്‍ശിച്ചതാണ് നഗരസഭ അധികൃതരെ ചൊടിപ്പിച്ചത്. ഹൈബ്രിഡ് ശ്മശാനം, നിര്‍ധനര്‍ക്ക് ഫ്ളാറ്റ്, മുനിസിപ്പല്‍ വസ്തുവകകളുടെ ഡിജിറ്റലൈസേഷന്, ആധുനിക നിലവാരത്തിലുള്ള ഗ്രൗണ്ട്, ആരോഗ്യ മേഖലയിലെ വികസനം, മൊബിലിറ്റി ഹബും ബസ് ടെര്‍മിനലും സ്മാര്‍ട്സിറ്റിക്കു സമീപം പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതി തുടങ്ങിയവയൊക്കെ വര്‍ഷങ്ങളായി നഗരസഭയുടെ പദ്ധതി രേഖയില്‍ ഉള്പ്പെടുത്തുന്നതല്ലാതെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: