ജക്കാർത്ത: ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലെ മൗണ്ട് അഗൗങ് അഗ്നിപര്‍വതം പൊട്ടിത്തെറിയുടെ വക്കിൽ. അഗ്നി പര്‍വതം സജീവമായി പുകയുന്നതിനാല്‍ ഏതുസമയവും സ്ഫോടനം പ്രതീക്ഷിക്കുകയാണ് അധികൃതര്‍ വ്യക്തമാക്കിയ സാഹചര്യത്തിൽ രാജ്യത്താകെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
സുരക്ഷാഭീഷണി മൂലം ബാലി വിമാനത്താവളം അടച്ചു. ഇതോടെ ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ ഇന്തോനേഷ്യയില്‍ കുടുങ്ങിയിരിക്കുകയാണ്. അഗ്നി പര്‍വതത്തില്‍ നിന്ന് 3400 മീറ്റര്‍ ഉയരത്തില്‍ കറുത്ത പുക വരുന്നുണ്ട്.
പര്‍വതത്തില്‍ നിന്നുയരുന്ന പുകയും ചാരവും വിമാനത്താവളം വരെ എത്തിയതോടെയാണ് സര്‍വീസുകള്‍ റദ്ദാക്കി വിമാനത്താവളം അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. അഗ്നിപര്‍വതത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരോട് ഉടനടി മാറിത്താമസിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
















