ഇസ്ലാമാബാദ്: ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ പാക്കിസ്ഥാൻ നിയമമന്ത്രി സാഹിദ് ഹമീദ് രാജിവെച്ചു. തെരഞ്ഞെടുപ്പ് നിയമഭേദഗതിയെ ചൊല്ലി സാഹിദ് ഹമീദ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിൽ മൂന്ന് ആഴ്ചയോളമായി വന്‍ പ്രക്ഷോഭമാണ് നടന്നുവന്നത്.
സമരക്കാരെ പിരിച്ചുവിടാന്‍ ശനിയാഴ്ച പോലീസ് നടത്തിയ വെടിവെയ്‌പ്പില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഞായറാഴ്ച അര്‍ദ്ധ രാത്രി സര്‍ക്കാരും സമരക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിയമമന്ത്രി രാജിവെക്കാന്‍ തീരുമാനമായത്.
തെഹ്രീക് ഇ ലാബയിക് യാ റസൂല്‍ അള്ളാ (ടി.എല്‍.വൈ.ആര്‍.എ.പി) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങിയത്. ഇസ്ലമാബാദിലാണ് പ്രക്ഷോഭത്തിന് തുടക്കം. തുടര്‍ന്ന് ലാഹോര്‍, കറാച്ചി നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചിരുന്നു. സാഹിദ് ഹമീദ് തന്റെ രാജി പ്രധാനമന്ത്രി ശാഹിദ് ഖാഖന്‍ അബ്ബാസിക്ക് നല്‍കിയതായി പാകിസ്താന്‍ റേഡിയോയാണ് റിപ്പോര്‍ട്ട് ചെയ്തത്.
















