കൊച്ചി: നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായി പരാതി. ജനറല്‍ ആശുപത്രി, നോര്‍ത്ത് റെയില്‍ വേസ്റ്റേഷന്, ബസ് സ്റ്റാന്റ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് വ്യപക പരാതി ഉയരുന്നത്. മീറ്ററില്ലാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കുന്നില്ല.
കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് കഴിഞ്ഞ് എളമക്കര വായനശാലയിലേക്ക് ഓട്ടോ വിളിച്ച അമ്മയേയും പേരക്കുട്ടിയേയും ഓട്ടോ ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. 76 രൂപ മീറ്റര്‍ ചാര്‍ജിന് 100 രൂപ കൊടുത്ത വീട്ടമ്മയോട് 40 രൂപ കൂടി അധികം വേണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടു. ഇത് തര്‍ക്കത്തില്‍ കലാശിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് യാത്രാനിരക്ക് 100ല്‍ ഒതുക്കി.
നോര്‍ത്ത് റെയില്‍വേസ്റ്റേഷന്റെ പിന്‍ഭാഗത്ത് നിന്ന് കഴിഞ്ഞദിവസം പൊറ്റക്കുഴിയിലേക്ക് വന്ന യാത്രക്കാരനില്‍ നിന്ന് 90 രൂപ ഈടാക്കി. രണ്ട് കിലോമീറ്റര്‍ യാത്രയ്ക്ക് 90 രൂപ ചാര്‍ജോ എന്ന് ചോദിച്ച യാത്രക്കാരനോട്, ഇത് മെട്രോസിറ്റിയാണെന്നായിരുന്നു ഓട്ടോക്കാരന്റെ പ്രതികരണം.
മധ്യവയസ്കരായ ഡ്രൈവര്‍മാരാണ് യാത്രക്കാരെ കൂടുതല്‍ പിഴിയുന്നത്. നോര്‍ത്ത,് സൗത്ത് റെയില്‍വേസ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മീറ്ററില്‍ 30 രൂപ വരുന്ന ഓട്ടത്തിന് 100 രൂപവരെ ഈടാക്കുകയാണെന്നാണ് പരാതി. മീറ്റര്‍ നിരക്ക് തരാമെന്ന് പഞ്ഞാല്‍ ഓട്ടത്തിന് തയ്യാറാകാത്തവരാണ് കൂടുതല്‍ പേരും.
കേരളത്തിലെ എല്ലാ കോര്‍പ്പറേഷനുകളിലും ഓട്ടോറിക്ഷ മീറ്റര്‍ ഘടിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍, മെട്രോ നഗരമായ കൊച്ചിയില്‍ മാത്രം മീറ്ററിനോട് ഓട്ടോറിക്ഷക്കാര്‍ക്ക് അയിത്തമാണ്. നഗരത്തിലെ പ്രധാന ജങ്ഷനുകളിലും ആശുപത്രികളിലും പ്രിപെയ്ഡ് ഓട്ടോ കൗണ്ടര്‍ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: