ശാസ്ത്രവിഷയങ്ങളില്‍ സമര്‍ത്ഥരായ പ്ലസ്ടൂ വിജയികള്‍ക്ക് ഭാരത സര്‍ക്കാരിന്റെ കീഴില്‍ കേരളത്തിലെ ഏഴിമല നാവിക അക്കാഡമിയില്‍ 10+2 ബിടെക് കേഡറ്റ് എന്‍ട്രിയിലൂടെ സൗജന്യ എന്‍ജിനീയറിംഗ് പഠനത്തിനും സബ് ലഫ്റ്റനന്റ് പദവിയില്‍ ജോലി നേടാനും മികച്ച അവസരം. അവിവാഹിതരായ ആണ്‍കുട്ടികളെയാണ് പരിഗണിക്കുന്നത്. മുഴുവന്‍ പഠന-പരിശീലന ചെലവുകളും നാവികസേന വഹിക്കും.
അപേക്ഷകര്‍ 1999 ജനുവരി രണ്ടിനും 2001 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. സീനിയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ മൊത്തം 70 % മാര്‍ക്കില്‍ കുറയാതെയും (ഓരോ വിഷയവും പ്രത്യേകം പാസായിരിക്കണം) പത്ത്/പന്ത്രണ്ട് ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷിന് 50 % മാര്‍ക്കില്‍ കുറയാതെയും നേടി വിജയിച്ചിരിക്കണം. ജെഇഇ മെയിന്‍ 2017 ഓള് ഇന്ത്യാ റാങ്ക് പരിഗണിച്ചാണ് പ്രാഥമിക സെലക്ഷന്. അപേക്ഷകര്‍ക്ക് 157 സെന്റീമീറ്ററില്‍ കുറയാത്ത ഉയരവും അതിനനുസൃതമായ ഭാരവും ഉണ്ടാകണം. നല്ല കാഴ്ചശക്തിയും ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസും ഉള്ളവരാകണം. വൈകല്യങ്ങള്‍ പാടില്ല.
അപേക്ഷ ഓണ്‍ലൈനായി നിര്‍ദ്ദേശാനുസരണം www.joinindiannavy.gov.in എന്ന വെബ്സൈറ്റില്‍ (Current Events ലിങ്ക്) 2017 നവംബര്‍ 30 നകം സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട രീതി വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. അപേക്ഷയുടെ ഒരു പ്രിന്റൗട്ട് ബന്ധപ്പെട്ട അസ്സല് രേഖകള്‍ സഹിതം എസ്എസ്ബി ഇന്റര്‍വ്യുവിന് ഹാജരാകുമ്പോള്‍ കൈവശം കരുതണം.
അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ബാംഗ്ലൂര്‍/ഭോപ്പാല്‍/കോയമ്പത്തൂര്‍/വിശാഖപട്ടണം എന്നിവിടങ്ങളിലായി 2018 ഫെബ്രുവരി-ഏപ്രില്‍ മാസങ്ങൡ സര്‍വ്വീസസ് സെലക്ഷന് ബോര്‍ഡ് (എസ്എസ്ബി) ഇന്റര്‍വ്യൂവിന് ക്ഷണിക്കും. രണ്ട് ഘട്ടങ്ങളിലായാണ് ഇന്റര്‍വ്യൂ. ആദ്യഘട്ടം ഇന്റലിജന്‍സ് ടെസ്റ്റ്, പിക്ച്ചര്‍ പെര്‍സെപ്ഷന്‍ ടെസ്റ്റ്, ഗ്രൂപ്പ്ചര്‍ച്ച എന്നിവ അടങ്ങിയതാണ്. ഇതില്‍ തിളങ്ങുന്നവരെയാണ് രണ്ടാംഘട്ട സൈക്കോളജിക്കല്‍ ടെസ്റ്റിംഗ്, ഗ്രൂപ്പ് ടെസ്റ്റിംഗ്, ഇന്റര്‍വ്യു എന്നിവക്ക് പരിഗണിക്കുന്നത്. 5 ദിവസത്തോളം നീളുന്ന ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ വൈദ്യപരിശോധന നടത്തി തെരഞ്ഞെടുക്കും. ആദ്യമായി ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ക്ക് ട്രെയിനില്‍ തേര്‍ഡ് എസി ഫെയര്‍ ലഭിക്കും.
പരിശീലനം 2018 ജൂലൈയില്‍ ആരംഭിക്കും. എക്സിക്യൂട്ടീവ്/എന്‍ജിനീയറിംഗ് ബ്രാഞ്ചുകളിലാണ് പരിശീലനം. നാലുവര്‍ഷത്തെ ബിടെക് കോഴ്സില്‍ അപ്ലൈഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ പഠിക്കാം. ബിടെക് ബിരുദം സമ്മാനിക്കുന്നത് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയാണ്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവരെ 56100-110700 രൂപ ശമ്പളനിരക്കില്‍ സബ്ലഫ്റ്റനന്റ് ഓഫീസര്‍ പദവിയില്‍ നിയമിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റില്‍ ‘Current Events’ എന്ന ലിങ്കല്‍ ക്ലിക്ക് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: