റോം: ലൈംഗിക പീഡനം വര്‍ഷങ്ങള്‍ നിശബ്ദം സഹിച്ചു. ഗതികെട്ട് പരാതി നല്‍കി. പക്ഷേ, തേടിയെത്തിയത് ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം. സംഭവം എവിടെയെന്നല്ലേ, വത്തിക്കാനില്‍.
മാര്‍പാപ്പയുടെ ദൈവശ്രുശൂഷകള്‍ക്ക് സഹായികളാകുന്ന അള്‍ത്താര ബാലന്മാരെ സെമിനാരിയിലെ മുതിര്‍ന്ന പഠിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയാണ് വിവാദമായത്.
പരാതി നല്‍കിയവര്‍ക്കെതിരെ കേസെടുത്താണ് വത്തിക്കാന്‍ അധികൃതര്‍ മറുപടി നല്‍കിയത്. ഇതിനു നിരത്തിയ കാരണവും വിചിത്രം. അന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പില്ലെന്നു കണ്ടെത്തി. പക്ഷേ, പരാതിക്കാരുടെ മൊഴിയെടുക്കാതെയായിരുന്നു അന്വേഷണമെന്നു മാത്രം.ഇറ്റാലിയ ഒന്ന് ടിവിയുടെ ‘ലെ ഐനെ’ എന്ന ഷോയിലൂടെയാണ് ആരോപണം പുറത്തുവന്നത്. മാര്‍ക്കൊ എന്ന വിദ്യാര്‍ത്ഥിയാണ് ആദ്യം പരാതി നല്‍കിയത്. പതിമൂന്നാം വയസിലാണ് ആദ്യമായി പീഡനത്തിനിരയായതെന്നും പതിനെട്ട് വയസ് വരെ തുടര്‍ന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
മാര്‍ക്കൊയ്‌ക്കൊപ്പം താമസിച്ചിരുന്ന കാമില്‍ ജാസ്രെംബൊവ്‌സ്‌കിയും പിന്നാലെ രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ക്ക് നിരവധി തവണ സാക്ഷിയായെന്ന് കാമില്‍ വ്യക്തമാക്കി. സെമിനാരി വിദ്യാര്‍ത്ഥിയാണ് മൂന്നാമത്തെ പരാതിക്കാരന്‍. പതിനഞ്ചാം വയസില്‍ തുടങ്ങിയ പീഡനം അഞ്ചു വര്‍ഷത്തോളം തുടര്‍ന്നുവെന്ന് ഇപ്പോള്‍ ഇരുപതിലെത്തിയ ഇയാള്‍ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീയൂസ് സെമിനാരിയുടെ അഭിഭാഷകന്‍ റിക്കാര്‍ഡൊ റോളന്‍ഡ് റിക്കാര്‍ഡിയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട് റോമിലെ ട്രൈബ്യൂണലില്‍ കത്ത് നല്‍കിയത്.
വാര്‍ത്ത പുറത്തുവിട്ട ചാനലിനെതിരെ നടപടിയെടുക്കുമെന്നും ഇദ്ദേഹം പറഞ്ഞു. അതേസമയം, അന്വേഷണ കമ്മീഷനില്‍ അംഗമായിരുന്ന റെവ. ആന്ദ്രിയ സ്റ്റാബെല്ലിനി പരാതിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്ന അഭിപ്രായക്കാരനാണ്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഇദ്ദേഹം ‘ലെ ഐനെ’ പരിപാടിയില്‍ പറഞ്ഞു.
















