തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും പുഷ്പാഞ്ജലി സ്വാമിയാര്‍ മറവഞ്ചേരി തെക്കേടത്ത് നീലകണ്ഠ ഭാരതിയുടെ പരസ്യശാസന. വെള്ളിയാഴ്ച് രാവിലെ തിരുവമ്പാടി നമ്പിയുടെ അവരോധം കഴിഞ്ഞ് യോഗത്തില്‍ പോറ്റിമാരുടെയും ക്ഷേത്ര ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് സ്വാമിയാര്‍ ഇരുവരെയും ശകാരിച്ചത്. മുമ്പ് ഒരുകാലത്തും ഇല്ലാത്ത വിധത്തില്‍ ഉത്തരവാദിത്വം ഇല്ലാതെയാണ് ക്ഷേത്രത്തിലെ ഉദ്യോഗസ്ഥന്മാര്‍ പെരുമാറുന്നതെന്ന് സ്വാമിയാര്‍ കുറ്റപ്പെടുത്തി.
സുപ്രീംകോടതി ക്ഷേത്രഭരണം ഭരണസമിതിയെ ഏല്‍പ്പിച്ചപ്പോള്‍ ആചാരങ്ങളില്‍ യാതൊരു മാറ്റവും വരുത്തരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെന്നും ഇപ്പോള്‍ കാര്യങ്ങള്‍ ദിനംപ്രതി മോശമാകുകയാണെന്നും പുഷ്പാഞ്ജലി സ്വാമിയാര്‍ ചെയര്‍മാനോടും എക്‌സിക്യൂട്ടീവ് ഓഫീസറോടും പറഞ്ഞു. എന്നാല്‍ ക്ഷേത്രത്തിലെ പ്രശ്‌നങ്ങള്‍ ഓരോന്നായി പരിഹരിച്ച് വരികയാണെന്നാണ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ മറുപടി നല്‍കി.
പദ്മതീര്‍ഥശുചീകരണം, ശ്രീകോവിലുകളുടെ ജീര്‍ണോദ്ധാരണം, മൂലവിഗ്രഹത്തിന്റെ കേടുപാടുകള്‍ പരിഹരിക്കുക തുടങ്ങി അനവധിപ്രശ്‌നങ്ങള്‍ ക്ഷേത്രം അഭിമുഖീകരിക്കുമ്പോള്‍ മെല്ലെപ്പോക്ക് നയമാണ് ഭരണസമിതി കൈക്കൊള്ളുന്നത്. ഇതിലുള്ള അതൃപ്തിയാണ് സ്വാമിയാരുടെ ശാസനയ്‌ക്ക് കാരണമെന്ന് പറയപ്പെടുന്നു. നമ്പി അവരോധത്തിന്റെ സമയത്തില്‍ വരുത്തിയ മാറ്റം ശ്രീകാര്യക്കാര്‍ കൃത്യമായി സ്വാമിയാര്‍ മഠത്തില്‍ അറിയിക്കാത്തതാണ് സ്വാമിയാരുടെ അതൃപ്തിക്ക് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു.
ബി നിലവറ തുറക്കരുതെന്നും നിലവറകളിലെ അമൂല്യവസ്തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും സ്വാമിയാര്‍ മുമ്പ് കര്‍ശന നിലപാട് എടുത്തിരുന്നു. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം അദ്ദേഹത്തെ വച്ചു നമസ്‌കരിക്കാന്‍ ചെന്നപ്പോള്‍ സ്വാമിയാര്‍ ഇക്കാര്യങ്ങള്‍ രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
















