കൊച്ചി: മേളപ്പെരുമയുടെ താളപ്രപഞ്ചം തീര്‍ത്ത പാണ്ടിമേളം അക്ഷരാര്‍ത്ഥത്തില്‍ വിസ്മയം പകര്‍ന്നു. വാദ്യകുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, സിനിമാതാരം ജയറാം, മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ്, തുടങ്ങി നൂറില്‍പ്പരം വാദ്യകലാകാരന്മാര് അണിനിരന്ന പാണ്ടിമേളമാണ് വാദ്യകലാവിരുന്നായി മാറിയത്.
പെരുമ്പാവൂര്‍ തോട്ടുവ ശ്രീധന്വന്തരി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ രാവിലെ എട്ടിനാണ് ചെമ്പടയോടെ മേളം കൊട്ടിത്തുടങ്ങിയത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്കൊപ്പം നടന് ജയറാം കൂടി അണിനിരന്നതോടെ ആസ്വാദകര്‍ ഏറെയായി, ആവേശവും.
ചെമ്പട കലാശിച്ച് കൊലുമ്പലോടുകൂടി പാണ്ടിമേളത്തിലേക്ക് പ്രവേശിച്ചു. വീരരസം പകര്‍ന്നതും മണിക്കൂറുകള്‍ നീണ്ടുനിന്നതുമായ മേളം സമാപിച്ചതോടെ ആസ്വാദകര്‍ ‘സെല്‍ഫി’ക്കായി ജയറാമിനു ചുറ്റുംകൂടി. അഞ്ച് ഗജവീരന്മാര് അണിനിരന്ന ആറാട്ടെഴുന്നള്ളിപ്പിന് ഗജരാജന്‍ പമ്പാടി രാജന് തോട്ടുവ തേവരുടെ തിടമ്പേറ്റി. പാണ്ടിമേളം ആസ്വദിക്കാന്‍ വിദേശികളും എത്തി. ഇറ്റലിക്കാരായ സാവിക്, ഭാര്യ കാത്തി, മകള്‍ സാറാ എന്നിവരണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: