മാനന്തവാടി: മാനന്തവാടി കൃഷി അസിസ്റ്റന്റ് ഓഫീസില്‍ ലക്ഷങ്ങളുടെ ക്രമക്കേട്. കര്‍ഷകര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളില്‍ തിരിമറി നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് ധനകാര്യ വകുപ്പിന്റെ കണ്ടെത്തല്‍. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഒളിവില്പോയതാ യും സൂചനയുണ്ട്. സംഭവത്തില്‍ ഡയറക്ടര്‍ക്കെതിരെ വകുപ്പ്തല നടപടി വന്നേക്കും.
കഴിഞ്ഞ മൂന്ന് ദിവസമായി ധനകാര്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസില്‍ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയത്. കര്‍ഷകര്‍ക്ക് യഥാസമയം നല്‍കേണ്ട ആനുകൂല്യം നല്‍കിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയത്. മാനന്തവാടി, തിരുനെല്ലി, തവിഞ്ഞാല്‍, എടവക, തുടങ്ങിയ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ടതും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ നേരിട്ട് നിര്‍വ്വഹണം നടത്തുന്നതുമായ പദ്ധതികളിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. കര്‍ഷകര്‍ക്ക് നല്‍കേണ്ട പണം ട്രഷറിയില്‍ നിന്നും മാറി കൃഷി അസിസ്റ്റ ന്റ് ഡയറക്ടറുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും ഈ തുക കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിയിട്ടില്ലെന്നും പരിശോധനയില്‍ ധനകാര്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഓഫീസിന്റെ പദ്ധതി നിര്‍വ്വഹണ ഓഫീസര്‍ എന്ന നിലയില്‍ കര്‍ഷകര്‍ക്ക് ഗ്രോബാഗ് നല്‍കിയതുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി നേരത്തെ ധനകാര്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇത് കൂടാതെ പഞ്ചായത്തുകളിലെ കൃഷിഭവനുകള്‍ വഴി നടത്തിയ പല പദ്ധതികളിലും അസിസ്റ്റന്റ് ഡയറക്ട്ടര്‍ ക്രമക്കേട് നടത്തിയതായും അറിയുന്നു. ധനകാര്യ വകുപ്പിന്റെ ക്രമക്കേട് കണ്ടെത്തലില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. ഇതിനുപുറമെ ജില്ലാ കൃഷി ഓഫീസിലെ ജീവനക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് സ്ഥാനചലനത്തിന് സാധ്യത ഏറെയാണ്. ഇപ്പോള്‍ ധനകാര്യ വകുപ്പ് കണ്ടെത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ച് ജില്ലാ കൃഷി ഓഫീസില്‍ നിന്നുള്ള ഓഡിറ്റ് സംഘം ഓഡിറ്റ് നടത്തിയിരുന്നു. എന്നാല്‍ അന്നാകട്ടെ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ധനകാര്യ വകുപ്പിന്റെ കണ്ടെത്തല്‍ ജില്ലാ കൃഷിഓഫീസിലെ ജീവനക്കാര്‍ക്കും പങ്കുണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അങ്ങനെ വന്നാല്‍ ജില്ലാ കൃഷി ഓഫീസിലെ ജീവകാര്ക്കും കുരുക്ക് വീഴുമെന്ന കാര്യം ഉറപ്പ്.
ധനകാര്യ വകുപ്പ് കണ്ടെത്തിയ ക്രമക്കേട് സ്ഥിരീകരിക്കാന്‍ സംസ്ഥാന കൃഷി ഡയറക്ടറേറ്റില്‍നിന്നും പ്രത്യേക ഓഡിറ്റ് സംഘം വരും ദിവസങ്ങളില്‍ ജില്ലയിലെത്തും. അതിനിടെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഒളിവിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇദ്ദേഹത്തിനാവട്ടെ മുന്‍പ് കൃഷി വകുപ്പിന്റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: