മാനന്തവാടി: മാനന്തവാടി ഐസിഡിഎസ് ഓഫീസിലെ ശീത സമരത്തെതുടര്‍ന്ന് അംഗണവാടി അദ്ധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. പേര്യ ആനേരി കോളനിയിലെ അംഗണവാടി അദ്ധ്യാപിക നീതുവിനാണ് നോട്ടീസ് ലഭിച്ചത്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനായി മെയ് 15 മുതല്‍ നവംബര്‍ 14 വരെ നീതു അവധിയെടുത്തിരുന്നു. നവംബര്‍ 15ന് ഇവര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. 16ന് വൈകുന്നേരം ഐസിഡിഎസ് ഓഫീസില്‍നിന്ന് നീതുവിനെ വിളിച്ച് നാളെമുതല്‍ ജോലിക്ക് വരേണ്ടെന്ന് പറയുകയായിരുന്നു.
സംഭവം വാര്‍ത്തയായതോടെ 22ന് നീതുവിന് നിയമനം നല്കി. എന്നാല്‍ ജോലി സ്ഥലത്തുവെച്ച് മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസര്‍ (സിഡിപിഒ) അംഗണവാടിയുടെ താക്കോല്‍ തിരികെ വാങ്ങുകയായിരുന്നു. തുടര്‍ന്ന് അഞ്ച് മണിക്ക് ഓഫീസിലെത്താനും ആവശ്യപ്പെട്ടു. ഓഫീസിലെത്തിയ നീതുവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. പ്രസവാവധിയെതുടര്ന്ന് ജോലിയില്‍ പ്രവേശിച്ചത് ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും 17, 18, 20, 21 തിയതികളില്‍ അംഗണവാടി പൂട്ടിയിടാനുള്ള സാഹചര്യം, മാധ്യമങ്ങളില്‍ വാര്‍ത്ത വരാനുണ്ടായ സാഹചര്യം തുടങ്ങിയവ വിശദീകരിച്ച് 24 മണിക്കൂറിനകും മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിനിടെ നീതുവിനോട് അപമര്യാദയായി പെരുമാറുകയും മാനസിക-ശാരീരിക പീഡനമുണ്ടാക്കുകയും ചെയ്തതായി പറയുന്നു. ഇതേതുടര്‍ന്ന് ഇവര്‍ പട്ടിക ജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം മാനന്തവാടി പോലീസില്‍ പരാതി നല്കി. പരാതി പോലീസ് വകുപ്പ്തല അന്വേഷണത്തിന് അയച്ചതായി അറിയിച്ചു.
ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ക്ക് മാനന്തവാടി ശിശു വികസന പദ്ധതി ഓഫീസര്‍ക്ക് നല്കിയ വിശദീകരണത്തില്‍ നീതു വിവാഹത്തിനുശേഷം അംഗണവാടിയുടെ പരിധിയിലല്ല താമസിക്കുന്നതെന്നും അതുകൊണ്ടുതന്നെ സ്ഥലംമാറ്റത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നും പറയുന്നു. അപേക്ഷയുടെ അടിസ്ഥാനത്തില്‍ സഥലം മാറ്റം ഉത്തരവ് നടപ്പാക്കുന്ന മുറയ്ക്ക് ജോലിയില്‍ പ്രവേശിച്ചാല്‍ മതി എന്ന് പറയുകയായിരുന്നുവെന്ന് വിശദീകരണ കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മറച്ചുവെച്ചാണ് നീതുവിനോട് ജോലി ഹാജരാകാത്തതിന്റെ കാരണം ആവശ്യപ്പെട്ടിരിക്കുന്നത്.
അദ്ധ്യാപികയ്ക്ക് പ്രസവാവധിക്കുശേഷം ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് നല്‍കിയത് ഐസിഡിഎസ് സൂപ്പര്‍വൈസറാണെന്ന് പറയുന്നു. എന്നാല്‍ ഇവര്‍ക്ക് ഇത്തരത്തില്‍ ഒരു ഉത്തരവ് നല്കാന് അധികാരമില്ല. ഓഫീസിലെ ശീതസമരം അദ്ധ്യാപികയ്ക്ക് ജോലി നഷ്ടപ്പെടുമോ എന്നുള്ള ഭയപ്പാടിലാണ് ഇവരുടെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: