തിരുവനന്തപുരം: 85-ാമത് ശിവഗിരിതീര്‍ഥാടനത്തോടനുബന്ധിച്ച്‌നഗരസഭാ പരിധിയില്‍ ചെമ്പഴന്തി ഗുരുകുലത്തിലും പരിസര ങ്ങളിലും ഏര്‍പ്പെടുത്തേണ്ട ക്രമീകരണം വിശകലനംചെയ്യാന്‍ ഗുരുകുലത്തില്‍ യോഗം ചേര്‍ന്നു. ഡിസംബര്‍ 30, 31, 2018 ജനുവരി 1 തീയതികളിലാണ് തീര്‍ഥാടനം. ഇതിന്റെ ഭാഗമായി 20 ലക്ഷത്തില്‍പരം തീര്‍ഥാടകര്‍ ചെമ്പഴന്തി ഗുരുകുലത്തില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു. തീര്‍ഥാടനദിനങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റരീതിയില്‍ നിര്‍വഹിക്കുന്നതിന് നഗരസഭാഹെല്‍ത്ത്‌വിഭാഗത്തെ ചുമതലപ്പെടുത്തി. ആവശ്യത്തിന് ശുചീകരണത്തൊഴിലാളികളെ വിന്യസിക്കും. മൂന്നുദിവസവും നഗരസഭ ഗ്രീന്‍ആര്‍മിയുടെ സേവനം സ്ഥലത്തുണ്ടാകും. റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി നിര്‍വഹിക്കും. ഗതാഗതം സുഗമമാക്കുന്നതിനാവശ്യമായ ട്രാഫിക് ഏര്‍പ്പെടുത്തുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കി. ആവശ്യമായ ബസ് സര്‍വീസ് ചെമ്പഴന്തി ഗുരുകുലം എന്ന ബോര്‍ഡുവച്ച് നടത്തുന്നതിനും കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കും. ചെമ്പഴന്തി ഗുരുകുലവും പരിസരവും ഉത്സവമേഖലയായി പ്രഖ്യാപിക്കാന്‍ കളക്ടര്‍ക്ക് കത്ത് നല്‍കുന്നതിന് ചെമ്പഴന്തി ഗുരുകുലം സെക്രട്ടറിയെ ചുമതലപ്പെടുത്തി. നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ അധ്യക്ഷതവഹിച്ച യോഗം ഡെപ്യൂട്ടിമേയര്‍ അഡ്വ രാഖിരവികുമാര്‍ ഉദ്ഘാടനം ചെയ്തു. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമിശുഭാംഗാനന്ദ, എസ്എന്‍ കോളേജ് പ്രിന്‍സിപ്പാള്‍ എന്‍. തുളസീധരന്‍ എന്നിവര്‍ പങ്കെടുത്തു.
















