കൊല്‍ക്കത്ത: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓപ്പണര്‍ ശിഖര്‍ ധവാനും പേസര്‍ ഭുവനേശ്വര്‍ കുമാറും കളിക്കാനില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഇവര്‍ പിന്മാറുകയായിരുന്നുവെന്ന് ബിസിസിഐ വ്യക്തമാക്കി.
ഇനിയുള്ള രണ്ട് ടെസ്റ്റുകളിലും ഭുവനേശ്വര്‍ കളിക്കില്ല. അതേസമയം ധവാന്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് മാത്രമാണ് ഒഴിവായിട്ടുള്ളത്. വിവാഹത്തിനായാണ് ഭുവനേശ്വര്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. നാളെയാണ് ഭുവിയുടെ വിവാഹം. വ്യക്തിപരമായ കാരണങ്ങളാലാണ് ധവാന്‍ ടീമില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്.
ഇരുവര്‍ക്കും പകരക്കാരനായി തമിഴ്‌നാടിന്റെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറെ സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെട്ടുത്തിയിട്ടുണ്ട്. 24 മുതല്‍ നാഗ്പൂരിലാണ് രണ്ടാം ടെസ്റ്റ്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസറ്റില്‍ എട്ടു വിക്കറ്റ് വീഴ്‌ത്തിയ ഭുവനേശ്വര്‍കുമാറായിരുന്നു കളിയിലെ കേമന്‍.
ശിഖര്‍ ധവാന് പകരം മുരളി വിജയ് രണ്ടാം ടെസ്റ്റില്‍ ലോകേഷ് രാഹുലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത.
തമിഴ്‌നാടിന്റെ ഏകദിന ടീം നായകനാണ് ടീമില്‍ ഉള്‍പ്പെടുത്തിയ വിജയ് ശങ്കര്‍. 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 1671 റണ്‍സും 27 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യ എ ടീമിനായും മികച്ച പ്രകടനം പുറത്തെടുത്ത ശങ്കര്‍ പേസ് ബൗളിംഗ് ഓള്‍ റൗണ്ടര്‍ സ്ഥാനത്തേക്ക് ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായാണ് കണക്കാക്കുന്നത്.
















