തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ തൃക്കേട്ട ദര്‍ശനത്തിനും സ്വര്‍ണ്ണക്കുടത്തില്‍ കാണിക്ക അര്‍പ്പിക്കാനും ആയിരങ്ങള്‍ ഒഴുകിയെത്തി. പതിനഞ്ചു ഗജവീരന്മാരോടൊപ്പം സ്വര്ണക്കോലത്തിലേറിയുള്ള പൂര്‍ണത്രയീശന്റെ തൃക്കേട്ട പുറപ്പാടിന് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
തൃക്കേട്ട നാളില്‍ ഉത്സവത്തിനെത്തിയ വില്വമംഗലം സ്വാമിയാര്‍ക്ക് എഴുന്നള്ളിച്ചു നിന്ന ആനകളുടെ പുറത്ത് ഓടിക്കളിക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപത്തില്‍ ഭഗവാന് ദര്‍ശനം നല്കി. തുടര്‍ന്ന് വില്വമംഗലം സ്വാമിയാര് എഴുന്നള്ളത്തിന്റെ മുന്നിലെത്തി പ്രാര്‍ത്ഥിച്ച് കാണിക്ക അര്‍പ്പിച്ചു എന്നതാണ് ഐതിഹ്യം.
തൃക്കേട്ട പുറപ്പാട് നാളില്‍ ഭഗവാനെ വിലമതിക്കാനാവാത്ത രത്നങ്ങളും വൈരക്കല്ലുകളും പതിച്ച പതക്കത്തോടെയുള്ള സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളിച്ചു. ഭഗവാന്റെ തിടമ്പേറ്റുന്ന ആനയ്ക്ക് നെറ്റിപ്പട്ടം ഒഴികെ മുത്തുക്കുട, ആലവട്ടം, വെഞ്ചാമരം തുടങ്ങി എല്ലാ ആടയാഭരണങ്ങളും സ്വര്‍ണം കൊണ്ടുള്ളതായിരുന്നു. ഇത്തവണ ഭഗവാന്റെ കോലം എഴുന്നള്ളിച്ച ആനയ്ക്ക് തൃശ്ശൂര്‍ പൂരത്തിന് മാത്രം തിരുവമ്പാടി ഭഗവാനെ എഴുന്നള്ളിക്കുന്ന ആനയ്ക്ക് കെട്ടുന്ന നെറ്റിപ്പട്ടമായിരുന്നു.
വൈകിട്ട് ദീപാരാധനക്കു ശേഷം മൂന്ന് ഗജവീരന്മാരോടൊപ്പം ഭഗവാനെ വിളക്കിനെഴുന്നള്ളിച്ചു. പ്രദക്ഷണത്തിനു ശേഷം പന്ത്രണ്ടു ഗജവീരന്മാരുടെ കൂടെ ആന പന്തലില്‍ തൃക്കേട്ട പുറപ്പാടിന് കൂട്ടി എഴുന്നള്ളിച്ചു. ശേഷം ഭഗവദ് സന്നിധിയില്‍ വലിയ മൂത്തതിന്റെ സാന്നിധ്യത്തില്‍ മേനോക്കിയുടെ അനുവാദം വാങ്ങി കാണിക്ക അര്‍പ്പിക്കുന്നതിനായി സ്വര്ണക്കുടംവച്ചു. രാജകുടുംബാംഗം കെ.കെ.ആര്. വര്‍മ്മ ആദ്യം ഭഗവാന് കാണിക്ക അര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം അധികൃതരും ഭക്തജനങ്ങളും കാണിക്ക അര്‍പ്പിച്ചു. കാണിക്ക സമര്‍പ്പണത്തിനായി നേരം പുലരുവോളം വന്‍ തിരക്ക് അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: