കരുവാരക്കുണ്ട്: യുഡിഎഫ് സംവിധാനം താറുമാറായ കരുവാരക്കുണ്ട് പഞ്ചായത്തില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം നിലവില്‍ വന്നു.
മുസ്ലീം ലീഗിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ച സിപിഎം പ്രസിഡന്റ് സ്ഥാനം നേടിയെടുത്തു. എല്‍ഡിഎഫ് സ്വതന്ത്രനായ മീത്തില്‍ ലത്തീഫാണ് പുതിയ പ്രസിഡന്റ്. കക്കറ വാര്‍ഡ് മെമ്പറായ സിപിഎമ്മിലെ സി. കെ. ബിജിനയാണ് പുതിയ വൈസ് പ്രസിഡന്റ്
രാവിലെ പത്തിന് പ്രസിഡന്റിനെതിരെയും, ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡന്റിനെതിരെയുമാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും നടന്നത്. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് സിപിഎം നേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലീഗിന് ഒന്‍പതും, കോണ്‍ഗ്രസിന് ഏഴും, എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളുമാണുള്ളത്. പ്രസിഡന്റ് പദവി കൈമാറുന്നത് സംബന്ധിച്ചുള്ള തര്‍ക്കം കാരണം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബന്ധം തകരുകയും ലീഗും കോണ്‍ഗ്രസും വെവ്വേറെ മത്സരിക്കുകയുമായിരുന്നു. ജില്ലയിലെ മുന്നണി ബന്ധം തകര്‍ന്ന പഞ്ചായത്തുകളില്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ യുഡിഎഫ് ജില്ലാ കമ്മറ്റി ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ലീഗും കോണ്‍ഗ്രസും വേറിട്ടു മത്സരിച്ച കാളികാവിലും, ചോക്കാടും, എടപ്പറ്റയിലും ജില്ലാ നേതൃത്വത്തിന്റെ ഇടപെടലോടെ യുഡിഎഫ് സംവിധാനം വരികയും ഭരണം പങ്കിടുക്കയും ചെയ്തിരുന്നു. എന്നാല്‍ കരുവാരക്കുണ്ടിലെ ബന്ധം പുനഃസ്ഥാപിക്കാന്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. ഇതോടെ ലീഗ് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നത്.
യുഡിഎഫിന്റെ തകര്‍ച്ച ശരിക്കും പ്രയോജനപ്പെടുത്തിയത് സിപിഎമ്മാണ്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയെന്ന നാടന്‍ പ്രയോഗം അന്വര്‍ത്ഥമാക്കികൊണ്ട് പഞ്ചായത്തിന്റെ ഭരണം സിപിഎം പിടിച്ചെടുത്തു. ഇതോടെ തമ്മില്‍ തല്ലിയ മുസ്ലീം ലീഗും കോണ്‍ഗ്രസും ചിത്രത്തില്‍ നിന്ന് തന്നെ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: