കൊച്ചി: എംടി യുടെ നാലുകെട്ടിന്റെ അമ്പതാം പതിപ്പ് വരുന്നു. 1958 -ല്‍ ഇറങ്ങിയ നോവലിന്റെ അറുപതാം വര്‍ഷത്തിലെ അമ്പതാം പതിപ്പ് അച്ചടിയിലാണ്. ഏറെ ആകര്‍ഷകമായി തൃശൂര്‍ കറന്റ് ബുക്സ് തയ്യാറാക്കുന്ന പതിപ്പിന്റെ കവര്‍ ഡിസൈനിങ് നടത്തിയ രാജേഷ് ചാലോട് കവര്‍ സാമൂഹ്യ മാദ്ധ്യമത്തില്‍ പ്രസിദ്ധമാക്കി.
എം.ടി. വാസുദേവന്‍ നായരുടെ ഏറ്റവും പ്രസിദ്ധമായ ഈ നോവലിന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി, വിനയലാല്‍ തുടങ്ങിയവരാണ് മുമ്പ് കവര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. പുതിയ കവറിന് നാലുകെട്ടും ഓലക്കുടയും പശ്ചാത്തലമാണ്. കെ. ആര്. വിനയന്റെ ഫോട്ടോയിലാണ് ഡിസൈന്‍.
1959 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവലിന് 14 ഭാഷകളില്‍ പരിഭാഷയുണ്ട്. ഇംഗ്ലീഷിലും നോവലിറങ്ങി. അഞ്ചുലക്ഷത്തിലേറെ കോപ്പികള്‍ ഇതിനകം വിറ്റിട്ടുള്ളതായി കണക്കാക്കുന്നു.
രാജേഷ് ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതുന്നു:
”നാലുകെട്ട് നോവല്‍ ആദ്യം കാണുന്നത് സ്കൂളില്‍ വച്ചാണ്… അന്നതിന് കവര്‍ ഉണ്ടായിരുന്നില്ല. ബയന്റ് ചെയ്ത തടിച്ച ചട്ടയായിരുന്നു.. നമ്മുടെ ഇന്നലെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുന്നുണ്ട് ഈ നോവല്‍… എത്രയോ പ്രശസ്തരായവരുടെ കവര്‍ ചിത്രങ്ങളുടെ അകമ്പടിയോടെ പുറത്തിറങ്ങിയിട്ടുളള നോവലിന്റെ അമ്പതാം പതിപ്പാണ് ഇറങ്ങുന്നത്… നാലു കെട്ടിന്റെ നടുത്തളവും പഴയ ഓലക്കുടയും എല്ലാം ചേര്‍ന്ന ഈ കവര്‍ എനിക്ക് ഏറെ സന്തോഷം തരുന്നുണ്ട്..”
പ്രതികരിക്കാൻ ഇവിടെ എഴുതുക: