തിരുവനന്തപുരം: നൃത്താചാര്യന്‍ ഡോ ഗുരുഗോപിനാഥിന്റെ പേരിലുള്ള നാട്യപുരസ്‌കാരം വിവാദത്തില്‍. നൃത്തരംഗത്തെ പ്രമുഖര്‍ക്ക് നല്‍കിയിരുന്നു പുരസ്‌കാരം പ്രാദേശിക നര്‍ത്തകിക്ക് കൊടുത്ത് ശോഭകെടുത്തി എന്നാണ് പരാതി.
വട്ടിയൂര്‍ക്കാവ് സ്വദേശി എസ്. പങ്കജവല്ലിക്കാണ് പുരസ്‌കാരം പ്രഖ്യാപിച്ചത.് സര്‍ക്കര്‍ നിയന്ത്രണത്തിലുള്ള ഗുരുഗോപിനാഥ് നടനഗ്രാമമാണ് 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം നല്‍കുന്നത്. സിപിഎം മുന്‍ കൗണ്‍സിലര്‍ കെ.സി. വിക്രമനാണ് നടനഗ്രാമത്തിന്റെ നിയന്ത്രണം. വിക്രമന്റെ അയല്‍ക്കാരി എന്ന മാനദണ്ഡമാണ് പങ്കജവല്ലിയുടെ പേരില്‍ പുരസ്‌കാരം നിര്‍ണയിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി സാംസ്‌കാരിക മന്ത്രിക്കും സെക്രട്ടറിക്കും പരാതി ലഭിച്ചു.
കലാമണ്ഡലം ക്ഷേമാവതി, നെല്ലിയോട്, ഭവാനിയമ്മ തുടങ്ങിയ പ്രമുഖ നര്‍ത്തകര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയിരുന്ന പുരസ്‌കാരത്തിന് വിമലാ മേനോന്‍, കലാനിലയം അയ്യപ്പന്‍ തുടങ്ങി പ്രമുഖര്‍ പട്ടികയിലുണ്ടായിരുന്നു. ഇവരെയൊക്കെ തഴഞ്ഞാണ് അപ്രശസ്തയായ നര്‍ത്തകിക്ക് പുരസ്‌കാരം നല്‍കുന്നത്.
ചലച്ചിത്രകാരന്‍ ഷാജി എന്‍. കരുണ്‍, ഡോ മേതില്‍ ദേവിക, കലാമണ്ഡലം സത്യഭാമ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഇവര്‍ യോഗം ചേര്‍ന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്. അവാര്‍ഡ് നിര്‍ണയിച്ചാല്‍ അത് നടനഗ്രാമം ഭരണസമിതി അംഗീകരിച്ചശേഷം പ്രഖ്യാപിക്കുകയാണ് പതിവ്. ഇത്തവണ ഭരണസമിതി യോഗം ചേര്‍ന്നിരുന്നില്ല. നാളെ നടനഗ്രാമത്തിലെ ചിലമ്പൊലി നൃത്തമണ്ഡപത്തില്‍ ചേരുന്ന സാംസ്‌കാരികസംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരം സമ്മാനിക്കുക.
















