തിരുവനന്തപുരം: ശാസ്ത്ര കൗതുകത്തിന്റെ കാഴ്ചകളും അറിവും പകര്‍ന്നുനല്‍കി റവന്യൂ ജില്ലാ ശാസ്ത്രമേള ഇന്ന് കൊടിയിറങ്ങും. പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ സമൂഹത്തിന് പ്രയോജനകരമായ കണ്ടെത്തലുകളാണ് മേളയുടെ ആകര്‍ഷണം. വിനാഗിരിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ മുതല്‍ ഒറ്റസെക്കന്റില്‍ 16 ജിബി ഡൗണ്‍ലോഡ് ചെയ്യാവുന്ന ലൈറ്റ്-ഫൈ വരെ ശാസ്‌ത്രോത്സവത്തിലെ വിഷയങ്ങളായി.
അറിവിന്റെ പുതിയവാതിലുകള്‍ തുറക്കുന്നതാണ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി എക്‌സ്‌പോ. തൊഴില്‍-ഉത്പാദനമേഖലകളില്‍ കൂടുതല്‍ ഗുണകരമാകാവുന്ന മികവ് വിദ്യാര്‍ഥികളിലുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു എക്‌സ്‌പോ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ വിവിധ കോഴ്‌സുകളിലെ വിദ്യാര്‍ഥികള്‍ പഠനത്തിന്റെ ഭാഗമായി നിര്‍മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും മേളയിലുണ്ട്.
സാമൂഹ്യശാസ്ത്രമേളയില്‍ ചരിത്രാന്വേഷകരെ വെല്ലുന്ന പ്രകടനമാണ് കുട്ടികള്‍ കാട്ടിയത്. പുരാതന അളവുതൂക്ക ഉപകരണങ്ങളുടെ വന്‍ശേഖരം സന്ദര്‍ശകരിലും കൗതുകമുണര്‍ത്തി. ഉരലും പാതാളക്കരണ്ടിയും മുതല്‍ പാട്ടുപെട്ടിയും ടെലഫോണും ആട്ടുതൊട്ടിലും നാണയങ്ങളുമൊക്കെ മേളയെ വേറിനും ഓണ്‍ ദ സ്‌പോട്ട് മത്സരട്ടതാക്കി. സ്വാതന്ത്ര്യസമരകാലത്തെ വിവിധ സംഭവങ്ങളും സ്റ്റില്‍ മോഡലില്‍ വിഷയമായി. വാഗണ്‍ട്രാജഡി, ജാലിയന്‍വാലാബാഗ്, സിന്ധുനദീതടം, മോഹന്‍ജദാരോ-ഹാരപ്പന്‍ സംസ്‌കാരങ്ങള്‍ എന്നിവയെല്ലാം രൂപഭംഗിയില്‍ മികച്ചുനിന്നു.
പസ്സിലുകളും ഓണ്‍ദി സ്‌പോട്ട് വര്‍ക്കിംഗ് മോഡലുകളിലെയും മികവുകള്‍ ഗണിതത്തെ കുട്ടികള്‍ ഇഷ്ടപ്പെടുന്നതിന് തെളിവായി. ഗണിതശാസ്ത്രമേളയിലെ കണക്കിലെ കളികളും ചാര്‍ട്ടുകളുമെല്ലാം വ്യത്യസ്തത പുലര്‍ത്തി. പൈതഗോറസ് സിദ്ധാന്തവും വൃത്തങ്ങളുടെ അളവ് കണ്ടെത്തലുമെല്ലാം രസകരമായ കളികളിലൂടെ കണ്ടെത്തുന്ന യുപി വിഭാഗത്തിലെ കുട്ടികള്‍ മികച്ചപ്രകടനം കാഴ്ചവച്ചു. വിവര സാങ്കേതികവിദ്യയ്‌ക്ക് പുതിയ പ്രായോഗികാര്‍ഥങ്ങള്‍ തേടിയ ഐടി മേളയും പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കി. സ്‌പെഷ്യല്‍ സ്‌കൂളിലെ മത്സരാര്‍ഥികള്‍ വൈകല്യം മറികടന്നും ശാസ്‌ത്രോത്സവത്തിലെ താരങ്ങളായി.
വര്‍ക് എക്‌സ്പീരിയന്‍സ് എക്‌സിബിഷവും സാമൂഹ്യശാസ്ത്രമേളയും ഐടി മത്സരവുമാണ് ഇന്ന് നടക്കുക. സമാപന സമ്മേളനം വി.എസ്. ശിവകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ മുഖ്യാതിഥി ആയിരിക്കും.
















