സന്ദര്‍ശിച്ചുപാലാ: ജനറല്‍ ആശുപത്രിയില്‍ നടന്നുവരുന്ന 40 കോടിയുടെ നിര്‍മ്മാണ വികസന പദ്ധതികള്‍ ക്രോഡീകരിക്കുന്നതിനും അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയാക്കി പുതിയ ബ്ലോക്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുമായി ആരോഗ്യവകുപ്പുമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എത്തിയ പ്രത്യേക മെഡിക്കല്‍ ടീം ആശുപത്രി സന്ദര്‍ശിച്ച് ഇപ്പോള്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി. ഉയര്‍ന്ന സൗകര്യങ്ങള്‍ ലഭ്യമാകുന്ന സ്വകാര്യ ആശുപത്രിക്ക് സമാനമായ രീതിയില്‍ പൂര്‍ണ്ണമായും രോഗീ സൗഹൃദ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആധുനിക ക്രമീകരണങ്ങളാണ് ഇവിടെ ഉണ്ടാവേണ്ടതെന്നും അതിനായുള്ള മാസ്റ്റര്‍ പ്ലാനും വിദഗ്ധ രീതിയിലുള്ള രൂപകല്പനയും ഉണ്ടാവേണ്ടതുണ്ടെന്നും ആരോഗ്യവകുപ്പ് പ്ലാനിംഗ് വിഭാഗം ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി വിലയിരുത്തി. വാര്‍ഡുകളും ക്ലിനിക്കുകളും പരിശോധനാ ക്രമീകരണങ്ങളും പൂര്‍ണ്ണമായും നവീകരിക്കപ്പെടേണ്ടതുണ്ടെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി.നിര്‍മ്മാണത്തിലിരിക്കുന്ന നാല് ബ്ലോക്കുകളും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. ഭാവി വികസനവും ഉപകരണങ്ങളുടെ ലഭ്യതയും കണക്കിലെടുത്തുള്ള നിര്‍മ്മാണങ്ങളും സജ്ജീകരണങ്ങളും കാലേക്കൂട്ടി ഉണ്ടാവേണ്ടതുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. പാലാ സമാന്തര റോഡിനെയും പാലാ-ഏറ്റുമാനൂര്‍ സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന ആശുപത്രി റോഡ് രണ്ട് നിര വാഹന ഗതാഗത സൗകര്യം ഉറപ്പാക്കും വിധം നിര്‍മ്മിക്കുന്നതിന് സമിതി നിര്‍ദ്ദേശിച്ചു. കുറ്റമറ്റ മാലിന്യ സംസ്‌കരണവും മലിനജല ശുദ്ധീകരണത്തിനും നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
















