പാലക്കാട്:ദേവരഥ സംഗമം കണ്‍കുളിര്‍ക്കെ കാണാന്‍ പതിനായിരങ്ങള്‍.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് സൂര്യാസ്്തമയ വെളിച്ചത്തില്‍ അഞ്ച് രഥങ്ങളും ഒന്നിക്കുന്ന ദൃശ്യം കാണുന്നതിനായി എത്തിച്ചേര്‍ന്നത്.
ഭക്തരുടെ കണ്ഠങ്ങളില്‍ നിന്നും ഈ സമയം മഹാദേവ മന്ത്രം ഉയര്‍ന്നു. രാവിലെ മുതല്‍ എല്ലാ വഴികളും കല്പ്പാത്തിയിലേക്കായിരുന്നു. ഇന്നലെ രാവിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം ആരതി ഉഴിഞ്ഞ് മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും രഥം പ്രദക്ഷിണം തുടങ്ങി. അഞ്ച് രഥങ്ങളാണ് സംഗമ ഭൂമിയില്‍ ഒന്നിച്ചെത്തിയത്.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി, മന്തക്കര മഹാഗണപതി, പഴയ കല്‍പ്പാത്തി, ലക്ഷ്മീ നാരായണ പെരുമാള്‍, ചാത്തപുരം പ്രസന്നമഹാഗണപതി എന്നീ ക്ഷേത്രങ്ങളില്‍ നിന്നുള്ള രഥങ്ങളാണ് ഒന്നിച്ചത്. ലക്ഷ്മീ നാരായണ പെരുമാള്‍ ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും ഇന്നലെ രാവിലെയാണ് രഥാരോഹണം നടന്നത്.
പ്രദക്ഷിണ വഴികളിലെങ്ങും പതിവിലേറെ ഭക്തജനത്തിരക്കായിരുന്നു. വൃശ്ചിക മാസം ഒന്നാം തീയതി രഥോത്സവം നടക്കുന്നുവെന്നത് തന്നെ അപൂര്‍വ്വമാണ്. ഐപ്പശി മാസം ഒന്നിനാണ് സാധാരണ രഥോത്സവം. എന്നാല്‍ ഇത്തവണ കൊടിയിറങ്ങുന്നത് ഐപ്പശി ഒന്നിനാണ്. ദേവന്മാരുടെ അനുഗ്രഹം വാങ്ങുന്നതിനായി അഗ്രഹാരങ്ങളിലെ മുഴുവന്‍ വീടുകളും അണിഞ്ഞൊരുങ്ങിയിരുന്നു. നാടിന്റെ നാനാഭാഗത്തായി ചിതറിക്കിടക്കുന്ന നൂറ് കണക്കിന് കല്‍പ്പാത്തി നിവാസികള്‍ തങ്ങളുടെ രഥോത്സവ ദര്‍ശനത്തിനായി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ എത്തിയിരുന്നു.
ഇന്നലെ രാവിലെ 6.30ന് കളഭാഭിഷേകവും എട്ടിന് നാദസ്വര കച്ചേരിയും തുടര്‍ന്ന് 10.30 നും 11 നും ഇടയ്ക്കുള്ള രഥാരോഹണവും നടന്നു. വൈകിട്ട് നാലുമണിയോടെ വീണ്ടും ദേവരഥങ്ങള്‍ അഗ്രഹാരവീഥികളിലൂടെ ദേവരഥങ്ങള്‍ പ്രയാണം നടത്തി. ആകാശങ്ങളില്‍ നിന്നും ദേവീ ദേവന്മാരുടെ അനുഗ്രഹാശിസ്സുകള്‍ ചൊരിയുന്ന ഭക്തി സാന്ദ്രമായ ധന്യമുഹൂര്‍ത്തത്തില്‍ പതിനായിരങ്ങള്‍ സാക്ഷിയാക്കി കുണ്ടമ്പലത്തിന് സമീപം ഉരുക്കു ചക്രങ്ങളില്‍ തീര്‍ത്ത ദേവരഥങ്ങള്‍ സംഗമിച്ചതോടെ ഒരാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ വന്നണഞ്ഞ കല്പാത്തി തേരിന് ശുഭാന്ത്യമായി.
ഭൂഗര്‍ഭ കേബിള്‍ സംവിധാനവും ഉരുക്കു ചക്രങ്ങള്‍ ഉരുളുന്ന രഥങ്ങളും കൊണ്ട് അനുഗ്രഹീതമായ പ്രകൃതി സൗഹൃദ രഥോത്സവമെന്ന ഖ്യാതിയും ഇത്തവണ കല്പാത്തി രഥോത്സവത്തിന് സ്വന്തമായി. ഉരുക്കു ചക്രങ്ങളില്‍ തീര്‍ത്ത അഞ്ചു മഹാരഥങ്ങള്‍ അഗ്രഹാര വീഥികളെ വലംവെച്ച് സൂര്യാസ്തമയത്തോടെ കുണ്ഠമ്പലത്തിന് സമീപം സംഗമിച്ചപ്പോള്‍ വിശ്വാസികള്‍ ദേവചൈതന്യത്തിന്റെ സുകൃതത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: