മാനന്തവാടി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ കുറുവാദ്വീപ് ഉടന്‍ തുറന്നുപ്രവര്‍ത്തനം ആരംഭിക്കണമെന്ന് ആവശ്യമുയരുന്നു. ചില തല്‍പ്പര കക്ഷികളുടെ താല്പര്യപ്രകാരമാണ് കുറുവ ദ്വീപില്‍ ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങള്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നതെന്നും ഇത് പ്രദേശത്തെ നൂറുകണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയതായും കുറുവാ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപ്പെടണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
അഖിലേന്ത്യാ കിസാന്‍ സഭയും, പരിസ്ഥിതി പ്രവര്‍ത്തകരുമാണ് സംഭവത്തിന്പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വസ്തുതാ വിരുദ്ധമായ പരാതികളാണ് ഇവര്‍ ഉന്നയിക്കുന്നത്. കുറുവാ ദ്വീപ് തുറന്നുപ്രവര്‍ത്തിച്ചാല്‍ വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുമെന്നും ഇത് കാരണം കൃഷി ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിവരുമെന്നുമൊക്കെയുള്ള സംഘടനകളുടെ വാദങ്ങള്‍. തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും കുറുവാ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു. ദ്വീപ് തുറന്നുപ്രവര്‍ത്തിച്ചാല്‍ വന്യമൃഗങ്ങള്‍ ഉള്‍ക്കാടുകളിലേക്ക് മാറിപോവുകയാണ് പതിവ്.
കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചപ്പോള്‍ ഇല്ലാത്ത പ്രശ്നങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. ഒരു പരിധിവരെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമാണ് ഈ വിനോദ സഞ്ചാര കേന്ദ്രം. എന്നാല്‍ വസ്തുത മനസിലാക്കാതെ ഇതിനെപറ്റി യാതൊരുവിധ അന്വേഷണമോ ചര്‍ച്ചയോ നടത്താതെ തല്‍പ്പര കക്ഷികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ചില ഉദ്യോഗസ്ഥരെന്നും സംരക്ഷണ സമിതി അംഗങ്ങള്‍ കുറ്റപ്പെടുത്തി.
കുറുവ ഡിഎംസി ചെയര്മാന് നിയോജകമണ്ഡലം എംഎല്‍എ ഒ.ആര്.കേളു, വൈസ് ചെയര്‍മാനായ നഗരസഭാചെയര്‍മാന്‍ വി.ആര്.പ്രവീജ് ഇവരെയൊന്നും അറിയിക്കാതെയാണ് എ സിസിഎഫ് ഉത്തരവിറക്കിയത്. ഇത്തരം പ്രവൃത്തികളിലൂടെ പ്രദേശത്തെ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനാണ് ലക്ഷ്യം വെയ്ക്കുന്നത്. കുറുവാ ദ്വീപ് തുറന്നു പ്രവര്‍ത്തിക്കാന്‍ ഇനിയും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കുറുവാ സംരക്ഷണ സമിതി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കുറുവാ സംരക്ഷണസമിതി ചെയര്മാന് സണ്ണി ജോര്‍ജ്ജ്, കണ്‍വീനര്‍ ജോസ് സി തോമസ്, വി.കെ.ബാബു, വി. യു.സുനില്‍കുമാര്‍, പി.എ ന്. ഗിരീഷ്, ശ്യാമള മധു, വിനീത സുനില്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: