തിരുവനന്തപുരം: മുറിഞ്ഞപാലം ജംഗ്ഷനില്‍ മാന്‍ഹോള്‍ പൊട്ടിയൊലിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നന്നാക്കാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഡ്രൈനേജ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറും നഗരസഭാ സെക്രട്ടറിയും നാലാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദ്ദേശിച്ചു.
മാന്‍ഹോള്‍ സംവിധാനം തകരാറിലായിട്ട് മാസങ്ങളായി. മെഡിക്കല്‍ കോളേജും രണ്ട് സ്വകാര്യാശുപത്രികളും മുറിഞ്ഞപാലത്തിന് സമീപമാണ് പ്രവര്‍ത്തിക്കുന്നത്. കാല്‍നടയാത്ര പോലും സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് പി.കെ. രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. മാന്‍ഹോളിലെ മലിനജലം കാരണം സാംക്രമികരോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
പാളയം ഒബ്‌സര്‍വേറ്ററി ലൈനില്‍ മൂന്നാഴ്ചയായി ഡ്രൈനേജ് പൊട്ടിയൊലിക്കുന്നതിനെതിരെയും കമ്മീഷന്‍ കേസെടുത്ത് ജലഅതോറിറ്റിക്ക് നോട്ടീസയച്ചു. സമീപവാസിയായ നീലകണ്ഠന്‍ ഡ്രൈനേജിലെ തകരാര്‍ പരിഹരിക്കാന്‍ പണിചെയ്തതിനെ തുടര്‍ന്നാണ് മാന്‍ഹോള്‍ വഴി മലിനജലം പൊതു നിരത്തിലൂടെ ഒഴുകാന്‍ തുടങ്ങിയതെന്ന് പ്രദേശവാസികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വെള്ളയമ്പലം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
















