ആലപ്പുഴ: കോടതിയുടെ രൂക്ഷവിമര്‍ശനം നേരിട്ടിട്ടും പ്രധാന ഘടകക്ഷിയായ സിപിഐ ശക്തമായി എതിര്‍ത്തിട്ടും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും എന്തിനാണ് മന്ത്രി തോമസ് ചാണ്ടിയെ ഭയക്കുന്നത്? ഇരട്ടച്ചങ്കനെന്ന് പാര്‍ട്ടി അണികള്‍ വാഴ്‌ത്തുന്ന പിണറായി വിജയനും, പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും ചാണ്ടിക്കുമുന്നില്‍ വല്ലാതെ വിയര്‍ക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
ചാണ്ടിയെ പനപോലെ വളര്‍ത്തിയത് ഇടത്-വലത് മുന്നണികളാണ്. ചാണ്ടിയുടെ സാമ്രാജ്യത്തില്‍ സുഖമനുഭവിക്കാത്ത രാഷ്‌ട്രീയക്കാര്‍ ചുരുക്കം. ഇതെല്ലാം പകര്‍ത്തി ചാണ്ടി മിടുക്കനാകുകയായിരുന്നുവെന്ന് ചാണ്ടിയുമായി അടുപ്പമുള്ളവര്‍ പറയുന്നു.
കുട്ടനാട്ടുകാരുടെ കുവൈറ്റ് ചാണ്ടിയെ ഭീമാകാരനാക്കിയ പാര്‍ട്ടിക്കാര്‍ ചാണ്ടിക്കൊപ്പം നിലയില്ലാക്കയത്തില്‍ മുങ്ങുകയാണ്. എന്താണ് ചാണ്ടിയുടെ പിടിവള്ളി ? 2004 ല്‍ തോമസ്ചാണ്ടിയുടെ റിസോര്‍ട്ടില്‍വച്ചാണ് ശാരി എസ്. നായര്‍ പീഡിപ്പിക്കപ്പെട്ടതെന്ന് ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതില്‍ ഉള്‍പ്പെട്ടവരെ ചാണ്ടിക്ക് വ്യക്തമായി അറിയാം.
സിപിഎമ്മിലെ പല ഉന്നതരുടെയും മക്കള്‍ ഈ കേസില്‍പ്പെട്ടിരുന്നതായി അന്ന് വലിയ വാര്‍ത്തയായിരുന്നു. കിളിരൂര്‍ കേസില്‍ ഒരു വിഐപി ഉണ്ടെന്ന് വി. എസ് അച്യുതാനന്ദനും ആരോപിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ടവരുടെ വ്യക്തമായ തെളിവുകള്‍ ചാണ്ടിയുടെ കൈവശം ഉള്ളതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ചാണ്ടിയുടെ സമ്പത്തിന്റെ വീതം കൈപ്പറ്റാത്തവരും കുറവായിരുന്നു. ചാണ്ടിയുടെ മുന്‍കാല അനുഭവത്തിനുള്ള തിരിച്ചടിയായിരുന്നു കളക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ട്.
















