കല്‍പ്പറ്റ: തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി പതിനഞ്ച് ലക്ഷത്തിലേറെ രൂപ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെ കര്‍ണാടക ബസില്‍ നിന്നും പണം കടത്തിയ തമിഴ്‌നാട് മധുര സ്വദേശികളായ സുരേഷ് (57), മണിവാസന്‍ (58), മുരുകേശന്‍(53), രവി (62)എന്നിവരെ കസ്റ്റഡിയിലെടുത്തു.
ബെംഗളുരുവില്‍ നിന്നും കോഴിക്കോടേക്ക് കടത്തുകയായിരുന്നു. ശരീരത്തില്‍ കെട്ടിവെച്ച നിലയില്‍ നീളമുള്ള തുണികൊണ്ടുണ്ടാക്കിയ സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍. തോല്‍പ്പെട്ടി ചെക്‌പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ്ജ് എം.എം കൃഷ്ണന്‍കുട്ടി , സിഇഒ മാരായ എം.പി ഹരിദാസന്‍, പി.എന്‍. ശശികുമാര്‍, എ.ടി. കെ. രാമചന്ദ്രന്‍, വിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.
കേരള കര്‍ണാടക അതിര്‍ത്തിയായ മുത്തങ്ങ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റുകള്‍ വഴി പണം കടത്തുന്നതും പിടികൂടുന്നതും പതിവായിരിക്കുകയാണ്. പണവും കസ്റ്റഡിയിലായ നാല് പേരെയും തിരുനെല്ലി പോലിസിന് കൈമാറി.
















