ആറ്റിങ്ങല്‍: നഗരസഭ പരിധിയില്‍ കൊട്ടിയോട് അംഗന്‍വാടി ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന ഭജനമഠം പൊളിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ആറ്റിങ്ങല്‍ നഗരസഭയുടെ ഗൂഢനീക്കം. 45 വര്‍ഷത്തിലേറെയായി ഭക്തര്‍ വിളക്കുവച്ച് ആരാധന നടത്തുന്ന സ്ഥലത്തെ ഭജനപ്പുര പൊളിക്കാനാണ് കൗണ്‍സില്‍ തീരുമാനം പോലുമില്ലാതെ ചെയര്‍മാന്റെ നീക്കം. അംബികയമ്മ എന്ന സ്ത്രീയുടെ വസ്തുവിലാണ് ഭജനപ്പുര സ്ഥിതിചെയ്യുന്നത്. വസ്തുവിറ്റപ്പോള്‍ ആരാധന തുടരാന്‍ അംബികയമ്മ ഒരുസെന്റ് മാറ്റിയിട്ടു. സ്ഥലംവാങ്ങിയ ശ്യാംരാജും ഈ ഭാഗം ഭക്തജനങള്‍ക്ക് വിട്ടുകൊടുത്തു. ഈ വസ്തുവിന് 1994 വരെ കരവും ഒടുക്കിയിട്ടുണ്ട്. ഈ കാര്യങ്ങള്‍ ഭക്തജനങ്ങള്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്.
ഭജനമഠം പൊളിക്കാനുള്ള നോട്ടീസ് മുനിസിപ്പാലിറ്റി പതിച്ചപ്പോള്‍ തന്നെ ഭക്തജനങ്ങള്‍ ഇതിനെതിരെ കളക്ടര്‍ക്ക് പരാതി നല്‍കി. കളക്ടറുടെ തീരുമാനം വരുന്നതിനു മുമ്പേയാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നഗരസഭയുടെ നടപടി. ഇതിനെതിരെ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ പത്മനാഭന്റെയും സന്തോഷിന്റെയും നേതൃത്വത്തില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുകയാണ് ഭക്തജനങ്ങള്‍.
















