കൊച്ചി: ജനകീയ കൂട്ടായിമയായ ട്വന്റി 20 കിഴക്കമ്പലത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷ വിപണി നിലവില്‍ വരുന്നു. 17ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വിപണിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
പതിനായിരം ചതുരശ്ര അടിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ട്വന്റി20 ഭക്ഷ്യ സുരക്ഷ വിപണിയില്‍ പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കള്‍, നിതേ്യാപയോഗ സാധനങ്ങള്‍ തുടങ്ങിയവ മാര്‍ക്കറ്റ് വിലയേക്കാള്‍ 70 ശതമാനം വിലക്കുറവിലാണ് ലഭിക്കുന്നത്.
കിഴക്കമ്പലത്ത് ഉത്പാദിക്കുന്ന പച്ചക്കറി, പഴവര്‍ഗങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പാല് തുടങ്ങിയവ വിപണിയിലൂടെ വില്‍ക്കാം. കര്‍ണ്ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വിപണിയിലേയ്ക്ക് ആവശ്യമായ പച്ചക്കറികളും മറ്റു അവശ്യസാധങ്ങളും എത്തിക്കും. കര്‍ശനമായ ഗുണനിലവാര പരിശോധനയിലൂടെയാണ് സാധനങ്ങള്‍ വില്‍ക്കുന്നത്. ഈ വിപണി സമൂഹത്തില്‍ പല തരത്തിലാണ് ഇടപെടുന്നത്.
അഞ്ഞൂറോളം ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും ആറു വയസ്സില്‍ താഴെയുള്ള ആയിരത്തഞ്ഞൂറോളം കുട്ടികള്‍ക്കും പാല്, മുട്ട തുടങ്ങിയവ സൗജന്യമായി നല്‍കുന്നുണ്ട്. ഇതോടൊപ്പം നിരാലംബരായ മുന്നൂറോളം കുടുംബങ്ങള്‍ക്കും റോഡിന്റെ വികസനത്തിനായി സ്ഥലം വിട്ടു നല്കിയ ആയിരത്തി അന്‍പത് കുടുംബങ്ങള്‍ക്കും പച്ചകറിയും പലവ്യഞ്ജനങ്ങളും സൗജന്യമായി നല്‍കുണ്ട്.
നിതേ്യാപയോഗ സാധങ്ങളുടെ വിലവര്‍ധനവ് ജനങ്ങളുടെ ജീവിതത്തിന് ദുസ്സഹമാക്കികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വിപണി നിലവില്‍ വരുന്നതോടെ വെറും 1500 രൂപകൊണ്ട് ഒരു കുടുംബത്തിന് ഒരുമാസത്തെ ജീവിത ചിലവുകള്‍ നടത്താന്‍ സാധിക്കുമെന്ന് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്സ് ഗാര്‍മെന്റ്സ് മാനേജിങ് ഡയറക്ടറുമായ സാബു എം. ജേക്കബ് പറഞ്ഞു.
പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, ഒരു വീടിനാവശ്യമായ മറ്റു നിത്യോപയോഗ സാധനങ്ങള്‍ എന്നിവ വിപണിയില്‍ ലഭ്യമാണ്. 2020 ല്‍ കിഴക്കമ്പലം പഞ്ചായത്തിനെ ഇന്ത്യയിലെ ഏറ്റവും നല്ല മാതൃകാ പഞ്ചായത്തായി ഉയര്‍ത്തുക എന്നതാണ് ട്വന്റി 20 യുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: