കാക്കനാട്: പൊതുവിപണിയില്‍ പച്ചക്കറികള്‍ക്ക് വില വര്‍ദ്ധന പിടിച്ചുനിര്‍ത്താന്‍ ഹോര്‍ട്ടികോര്‍പ് വിലകുറച്ചു. വിലകുറച്ചതറിഞ്ഞ് എത്തിയവര്‍ക്ക് ശൂന്യമായ പച്ചക്കറി ഗോഡൗണുകളും സ്റ്റാളുകളുമാണ് കാണാനായത്. ഒരാഴ്ച മുമ്പ് 170 രൂപക്ക് വില്‍പ്പന നടത്തിയ ചെറിയ ഉള്ളി വില 155 രൂപയാക്കി കുറച്ചെങ്കിലും ആവശ്യത്തിന് സ്റ്റോക്കില്ല. പഴം, പച്ചക്കറി ഉള്‍പ്പെടെ 30ല്‍പ്പരം സാധനങ്ങളാണ് ഹോര്‍ട്ടികോര്‍പ് ഗോഡൗണില്‍ ഇല്ലാത്തത്. ഒരാഴ്ച മുന്‍പ് 130 രൂപയായിരുന്ന ഉള്ളി വില ഇന്നലെ പൊതു വിപണയില്‍ 180 രൂപയിലെത്തിയപ്പോഴും വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ ചുമതലപ്പെട്ട ഹോര്ട്ടികോര്പ്പിനായില്ല. പൊതു വിപണയില്‍ തീവിലയായ പച്ചക്കറികളാണ് ഹോര്‍ട്ടികോര്‍പ് ഗോഡൗണില്‍ പോലും ഇല്ലാത്തത്.
വട്ടവടയിലെ കര്‍ഷകരില്‍ നിന്ന് 20 രൂപക്ക് വാങ്ങിയ കാരറ്റ്, ഇന്നലെ ഹോര്‍ട്ടികോര്‍പ്പ് വിറ്റത് 69 രൂപയ്ക്കായിരുന്നു. രണ്ട് ദിവസം മുമ്പ് വരെ 72 രൂപയുണ്ടായിരുന്ന കാരറ്റ് വില കുറഞ്ഞെന്നാണ് അധികൃതരുടെ അവകാശം. കഴിഞ്ഞ ഒരുവര്‍ഷത്തില്‍ ആദ്യമായി കഴിഞ്ഞ ഞായാറാഴ്ച രാത്രിയില്‍ 30 പെട്ടി നാടന്‍ തക്കാളി എത്തിയതിന് തീവിലയാണ് ഹോര്‍ട്ടികോര്‍പ്പിലും ഈടാക്കിയത്. പാലക്കാടന്‍ തക്കാളിക്ക് ഹോര്‍ട്ടികോര്‍പ്പില്‍ വില 48 രൂപയാണ്. മറുനാടന്‍ തക്കാളിക്ക് കഴിഞ്ഞ ദിവസം വരെ 58 രൂപയായിരുന്നു. പാലക്കാടന്‍ തക്കാളി 25 കിലോ തൂക്കം വരുന്ന രണ്ടോ മൂന്നോ പെട്ടികള്‍ മാത്രമാണ് ഗോഡൗണില്‍ അവശേഷിക്കുന്നത്.
വിലക്കൂടുതല്‍ കാരണം ആഴ്ചകളായി കെട്ടിക്കിടന്ന് നശിച്ചു തുടങ്ങിയ പച്ചക്കറികള്‍ക്കാണ് നാമമാത്രമായി വില കുറച്ചിരിക്കുന്നത്. വിലകുറച്ചിട്ടും ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ പച്ചക്കറി വാങ്ങാന്‍ ഉപഭോക്താക്കള്‍ എത്തുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. ഹോര്‍ട്ടികോര്‍പ് നേരിട്ട്് നല്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ കാന്റീനകളില്പോലും പൊതുമാര്‍ക്കറ്റുകളിലെ പച്ചക്കറികളാണ് എത്തിക്കുന്നത്.
ഹോര്‍ട്ടികോര്‍പിന്റെ വില്പനശാലകളില് 155 രൂപക്ക് ഉള്ളി ലഭ്യമാണെങ്കിലും ഗുണമേന്മയില്ല. ചെറിയ ഉള്ളി, സവാള, ഉരുളന്‍ കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട്, കുമ്പളങ്ങ, കാബേജ്, കോളി ഫ്ളവര്‍, കറിനാരങ്ങ, ചെറുനാരങ്ങ, ബീന്‍സ്, ഏത്തക്കായ, പയര്‍, ബീന്‍സ്, തക്കാളി, കത്തിരി, മുരിങ്ങക്ക, പടവലങ്ങ, ഇഞ്ചി, പച്ചമുളക്, വഴുതനങ്ങ, വെണ്ടക്ക, നീലവഴുതനങ്ങ, കൊത്തമര, കോവക്ക, ചേമ്പ്, ഏത്തക്കായ, ഞാലിപ്പൂവന്, വെള്ളരി തുടങ്ങി മുപ്പതിലകം പഴം പച്ചക്കറി ഇനങ്ങള്‍ കിട്ടാനില്ല. കാക്കനാട്ടെ സംഭരണ കേന്ദ്രത്തില്‍ നാലു ചാക്ക് സവാളയും ഒന്നര ചാക്കോളം കാരറ്റും മാത്രമാണ് ഇന്നലെ വൈകിട്ട് വരെ അവശേഷിക്കുന്നത്. നാളീകേരവും ഇല്ല. മുപ്പതിലേറെ പച്ചക്കറിയിനങ്ങള്‍ ലഭ്യമല്ലെന്ന് ഹോര്‍ട്ടികോര്‍പ്പിന്റെ വെബ് സൈറ്റും പറയുന്നു. പൊതുവിപണിയില്‍ സവാളക്ക് 58 മുതല്‍ 62 രൂപ വരെ കിലോഗ്രാമിന് ഈടാക്കുന്നുണ്ട്. തക്കാളിക്ക് 65, പയര്‍ 80, ബീന്‍സ് 85, കാരറ്റ് 80, ബീറ്റ്റൂട്ട് 60 പച്ചമുളക് 120 എന്നിങ്ങനെയാണ് പൊതുവിപണിയിലെ പകല്‍ക്കൊള്ള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: