തിരുവനന്തപുരം: നവജാതശിശു സ്‌ക്രീനിംഗ്പദ്ധതി പ്രസവം നടക്കുന്ന 89 സര്‍ക്കാര്‍ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നു. അഞ്ച് മെഡിക്കല്‍കോളേജുകള്‍ ഉള്‍പ്പെടെ 44 പ്രസവം നടക്കുന്ന ആശുപത്രികളില്‍ മാത്രം ജനിക്കുന്ന കുട്ടികള്‍ക്കാണ് ഇപ്പോള്‍ സേവനം ലഭിക്കുന്നത്. സംസ്ഥാനത്തെ നാല് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ വഴിയാണ് സ്‌ക്രീനിംഗ് നടപ്പാക്കുന്നത്. ബുദ്ധിമാന്ദ്യം, ഓട്ടിസം, അപസ്മാരം എന്നിവയ്‌ക്ക് കാരണമാകുന്ന ജനിതകരോഗങ്ങള്‍ ജനനസമയത്ത് കണ്ടെത്തി ചികിത്സിക്കും. 2013 ല്‍ ആരംഭിച്ച ന്യൂ ബോണ്‍ സ്‌ക്രീനിംഗ് പദ്ധതിയിലൂടെ കണ്ടെത്തിയ കുട്ടികളുടെ വാട്‌സ്ആപ്, ഫേസ്ബുക്ക് കൂട്ടായ്‌മ ‘വാത്സല്യം’ എന്ന പേരില്‍ ശിശുദിനത്തില്‍ ആരംഭിക്കും. 18 വയസിനു താഴെയുള്ള കുട്ടികളിലെ ഹൃദ്രോഗങ്ങള്‍ കണ്ടെത്തി ചികിത്സനല്‍കുന്ന ഹൃദ്യം പദ്ധതിയുടെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ലോഞ്ചും കനകക്കുന്നു കൊട്ടാരം ഹാളില്‍ ഇന്ന് രാവിലെ 11 ന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. മേയര്‍ അഡ്വ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവര്‍ മുഖ്യാതിഥികളാകും.
















