കൊച്ചി: വ്യാജ ചികിത്സയിലൂടെ വിവാദമായ ഇടപ്പള്ളി അല്‍ഷിഫ ആശുപത്രിയില്‍ വിദഗ്ധ പരിശോധന നടത്താനുള്ള നീക്കം അട്ടിമറിക്കപ്പെടുന്നു. മൂന്ന് ദിവസം മുമ്പ് വിദഗ്ധ സംഘമെത്തി പരിശോധന നടത്തേണ്ടതായിരുന്നു. വ്യാജ ചികിത്സയ്ക്കും സര്‍ജ്ജറിക്കും ഉപയോഗിച്ച ഉപകരണങ്ങളും ഓപ്പറേഷന് തീയേറ്ററും പരിശോധിക്കുന്നതിനാണ് വിദഗ്ധ സര്ജ്ജന്മാരുടെ സേവനം എളമക്കര പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, മൂന്ന് ദിവസം പിന്നിട്ടിടും ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാട്ടുന്നില്ല. രണ്ട് ദിവസം മുമ്പ് ഒരു ശിശുരോഗ വിദഗ്ദധനെയാണ് പരിശോധനയ്ക്ക് അയച്ച് വിഷയത്തിന്റെ ഗൗരവം കുറച്ചുകാട്ടാന്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ആരോഗ്യവകുപ്പ് അധികൃതരുടെ നടപടിയില്‍ പോലീസിനും കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ വിഷയത്തില്‍ കൃത്യമായ മറുപടി ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയില്ല.
അല്‍ഷിഫ ആശുപത്രിയ്ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് എളമക്കര പോലീസ് നേരത്തെ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. വഞ്ചന, വ്യാജരേഖയുണ്ടാക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് കേസ്. ഇതിന്റെ ഭാഗമായിട്ടാണ് പോലീസ് മെഡിക്കല്‍ ഉപകരണങ്ങളും മറ്റും പരിശോധിക്കുന്നത്. ആശുപത്രി ഉടമയായ ഡോ. ഷാജഹാന് യൂസഫിനെ തിരുവിതാംകൂര്‍-കൊച്ചി മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ചികിത്സയ്ക്കുള്ള അംഗീകൃത രേഖകള്‍ ഡോക്ടര്‍ക്ക് ഇല്ലെന്ന് പോലീസും കണ്ടെത്തിയിട്ടുണ്ട്.
അലോപ്പതി ഡോക്ടര്‍മാരുടെ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും ഷാജഹാനെതിരെ നടപടികള്‍ സ്വീകരിക്കുമ്പോള്‍, ഇന്ത്യന്‍ ഹോമിയോപ്പതിക്ക് മെഡിക്കല്‍ അസോസിയേഷന് വിഷയത്തില്‍ പുലര്‍ത്തുന്ന നിസ്സംഗ്ഗതയ്ക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. 1992ല്‍ എസ്. എസ്. എല്‍.സി പാസായ ഷാജഹാന് 1987 ല്‍ ഹോമിയോ ചികിത്സയില്‍ ബിരുദം നേടിയെന്നാണ് പരാതിയില്‍ പറയുന്നത്. ഈ പൊരുത്തക്കേടുകള്‍ അന്വേഷിക്കാന്‍ ഇന്ത്യന്‍ ഹോമിയോപ്പതിക്ക് മെഡിക്കല്‍ അസോസിയേഷന് ഇനിയും തയ്യാറായിട്ടില്ല. വ്യാജരേഖ ചമച്ച് ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലില്‍ അംഗത്വം നേടിയതിനെതിരെ കൗണ്‍സില്‍ രജിസ്ട്രാര്‍ ഡി. ജി. പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സമരം നടത്തിയതോടെയാണ് വ്യാജ ചികിത്സയ്ക്കെതിരെ നടപടിയുണ്ടായത്. മൂലക്കുരു, ഫിസ്റ്റുല എന്നിവയ്ക്ക് ആധുനിക ചികിത്സ വാഗ്ദാനം ചെയ്താണ് ഡോക്ടര്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. ഇവിടെ ചികിത്സ നടത്തിയ ഒട്ടേറെ രോഗികള്‍ മറ്റ് ഗുരുതരമായ അസുഖങ്ങള്‍ പിടിപെട്ട് ഇപ്പോഴും ചികിത്സയിലാണ്. പരിശോധനയുടെ കാര്യത്തില്‍ ഇന്ന് വകുപ്പുമായി ചര്‍ച്ച നടത്തുമെന്ന് എളമക്കര എസ് ഐ പ്രജീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: