ടെഹ്‌റാന്‍: ഇറാനെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ നാനൂറോളം മരണം. ഇറാഖിന്റെ അതിര്‍ത്തിയിലുള്ള കെര്‍മാന്‍ഷ പ്രവിശ്യ കേന്ദ്രീകരിച്ചുണ്ടായ ഭൂകമ്പത്തില്‍ 328 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാല്‍ മരണം അതിലും വളരെ ഏറെയാവാനാണ് സാധ്യതയെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ഏജന്‍സികള്‍ പറയുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ആഘാതത്തില്‍ ഏഴായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. കെട്ടിടങ്ങള്‍ നിലംപരിശായി.
കെര്‍മാന്‍ഷ പ്രവിശ്യയിലെ സര്‍പോള്‍-ഇ-സാഹിബ് എന്ന പട്ടണത്തെയാണ് ഭൂകമ്പം പ്രധാനമായും ബാധിച്ചത്. ഇറാഖിലെ കിഴക്കന്‍ പട്ടണമായ ഹലാബ്ജയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു. സര്‍പോള്‍ പട്ടണത്തില്‍ നിന്ന് മുപ്പത്തൊന്നു കിലോമീറ്റര്‍ അകലെയാണ് ഹലാബ്ജ.
കെര്‍മാന്‍ഷയ്‌ക്കടുത്തുള്ള മറ്റു പ്രവിശ്യകളേയും ഭൂകമ്പം ബാധിച്ചിട്ടുണ്ട്. സര്‍പോള്‍ നഗരത്തില്‍ മാത്രം 142 പേര്‍ മരിച്ചു എന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. ഭൂകമ്പത്തിന്റെ ആഘാതത്തില്‍ നഗരത്തിലെ പ്രധാന ആശുപത്രിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചത് ചികിത്സാക്രമീകരണങ്ങളെ ബാധിച്ചു.
ഇറാനിലെ പ്രധാന നഗരങ്ങളിലെ വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ പരിപൂര്‍ണമായും തകര്‍ന്നു. തുടര്‍ ചലനങ്ങളുണ്ടാവുമെന്ന് ഭയന്ന് വീടുകള്‍ വിട്ടിറങ്ങിയ ജനങ്ങള്‍ കടുത്ത തണുപ്പില്‍ തെരുവോരങ്ങളില്‍ കഴിയുകയാണ്. എഴുപതിനായിരത്തോളം ജനങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കാനുള്ള ശ്രമത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍.
ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ ബാധിത പ്രദേശമായ ഇറാനില്‍ ഈ വര്‍ഷം സംഭവിക്കുന്ന ഏറ്റവും കടുത്ത ദുരന്തമാണിത്. കെര്‍മാന്‍ഷ പ്രവിശ്യയിലെ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനെത്തുന്ന ബന്ധുക്കളുടെ വിലാപങ്ങളാണെങ്ങും. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ദൗത്യം തുടരുകയാണ്.
പ്രഭവ കേന്ദ്രം ഇറാഖിലാണെങ്കിലും അവിടെ ഭൂകമ്പം കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയില്ല. കുര്‍ദിസ്ഥാന്‍ മേഖലയിലെ ദര്‍ബാന്‍ഡിഖാന്‍ പട്ടണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതാണ് ഇറാഖി ഭാഗത്തെ ആള്‍നാശം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ദുരന്ത സ്ഥലത്ത് എത്രയും വേഗം എത്താനും ജനങ്ങള്‍ക്ക് സഹായമെത്തിക്കാനും എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള സെയ്യദ് അലി ഖുമേനി നിര്‍ദേശം നല്‍കി. ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ സൈന്യത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. കെര്‍മാന്‍ഷ പ്രവിശ്യയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ആഭ്യന്തര മന്ത്രി അബ്‌ദോല്‍റെസ റഹ്മാനിയെ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി നിയോഗിച്ചു.
















