പാറശ്ശാല: നവവധു ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പനച്ചമൂട് അരുണ്‍ നിവാസില്‍ അരുണ്‍കുമാറി(28) നെയാണ് പാറശ്ശാല പോലീസ് അറസ്റ്റുചെയ്തത്. പാറശാല ഇടിച്ചക്കപ്ലാമൂട്ടില്‍ ഗായത്രീഭവനില്‍ ഗായത്രിയെ(25)യാണ് മുറിക്കുള്ളില്‍ കഴിഞ്ഞ വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുദിവസം മുമ്പാണ് ഗായത്രി ഭര്‍ത്തൃഗൃഹത്തില്‍ നിന്ന് സ്വന്തം വീട്ടിലെത്തിയത്. വീട്ടുകാര്‍ പുറത്തുപോയിരുന്ന സമയമാണ് ഗായത്രി ആത്മഹത്യ ചെയ്തത്.
അഞ്ചുമാസം മുമ്പാണ് ഗായത്രിയും അരുണുമായുള്ള വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഒരുമാസം പൂര്‍ത്തിയാകും മുമ്പ് തന്നെ ഇരുവരും തമ്മില്‍ തെറ്റി. നിരവധി തവണ മാനസികമായും ശാരീരികമായും ഗായത്രിയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മാനസിക പീഡനം സഹിക്കാനാകാതായതോടെ ഗായത്രി അഞ്ചുദിവസം മുമ്പ് സ്വന്തം വീട്ടിലേക്ക് തിരികെ വരികയായിരുന്നു. എന്നാല്‍ അരുണ്‍ ഫോണ്‍ വിളിച്ചും എസ്എംഎസ് സന്ദേശം അയച്ചും പീഡനം തുടര്‍ന്നതായി ബന്ധുക്കള്‍ പറയുന്നു. ഗായത്രിയുടെ ആത്മഹത്യാകുറുപ്പില്‍ മരിക്കാനിടയായ സാഹചര്യം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഗായത്രിയുടെ മൊബൈല്‍ ഫോണും പരിശോധിച്ചശേഷമാണ് ഭര്‍ത്താവിനെ അറസ്റ്റു ചെയ്തത്. വെള്ളറട സിഐ അജിത്ത്, പാറശ്ശാല എസ്‌ഐ വി.എസ്. വീനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
















