കോഴിക്കോട്: മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ മതപരമായ വിഷയങ്ങള്‍ക്ക് പുറത്തെ താല്‍പ്പര്യങ്ങളുണ്ടെന്ന് നിസ വനിത കൂട്ടായ്‌മ സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അഖില മതപരിവര്‍ത്തനത്തിന്റെ രാഷ്‌ട്രീയവും മനുഷ്യാവകാശവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സംവാദമാണ് മതപരിവര്‍ത്തനത്തെ കുറിച്ചുള്ള ചര്‍ച്ചയ്‌ക്ക് വേദിയായത്.
ഇപ്പോഴത്തെ മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ വാണിജ്യപരമായ വശങ്ങളുണ്ടെന്ന് തേജസ് ചീഫ് എഡിറ്റര്‍ എന്‍.പി. ചേക്കുട്ടി പറഞ്ഞു. 19-ാം നൂറ്റാണ്ടില്‍ നടന്ന മതപരിവര്‍ത്തനങ്ങളില്‍ നിന്ന് വിഭിന്നമാണ് 21-ാം നൂറ്റാണ്ടിലേത്. അന്ന് സാമൂഹികമായ കാരണങ്ങളായിരുന്നു. ഇന്ന് സംഘടിത ഗ്രൂപ്പുകള്‍ക്ക് ഇതിന്റെ പേരില്‍ വന്‍ തോതില്‍ ഫണ്ട് വരുന്നുണ്ട്. ഇന്ന് നടക്കുന്ന വലിയ ശതമാനം മതമാറ്റങ്ങളിലും മതപരമായ വിഷയങ്ങള്‍ക്കപ്പുറത്തെ താല്‍പ്പര്യങ്ങളുണ്ട്. മതമാറ്റങ്ങള്‍ക്ക് പിന്നിലെ താല്‍പ്പര്യം എന്തെന്ന് പരിശോധിക്കാന്‍ പൊതു സമൂഹം തയ്യാറാകണം. നിലവിലുള്ള മത പരിവര്‍ത്തന രീതികള്‍ പുനഃപരിശോധിക്കാന്‍ തയാറാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ മതത്തെ വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ടെന്ന് പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍ അഭിപ്രായപ്പെട്ടു. അത്തരത്തില്‍ പറഞ്ഞതുകൊണ്ടാണ് പ്രൊഫ. ജോസഫിന്റെ കൈ വെട്ടിമാറ്റിയത്. ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നത്. ചേകന്നൂര്‍ മൗലവിക്ക് ജീവിക്കാനുള്ള അവകാശമാണ് നിഷേധിച്ചത്. ഹാദിയക്കുവേണ്ടി മുന്നോട്ടുവന്ന ഒരുമുസ്ലിം സംഘടന പോലും ചേകന്നൂര്‍ മൗലവിയുടെ മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. വോട്ട് ബാങ്കുള്ള മദനിക്ക് വേണ്ടി സംസാരിക്കാന്‍ ഇവിടെ ആളുണ്ട്. മദനിക്കൊപ്പം ജയിലില്‍ ഉള്ളവരെ ആര്‍ക്കും വേണ്ട. മതം മാറ്റുന്നവരുടെ പേരു മാറ്റുന്നതിനൊപ്പം വ്യക്തിത്വത്തെയും മാറ്റുന്നതായി അദ്ദേഹം പറഞ്ഞു.
സ്വമേധയാ നടക്കുന്ന മതം മാറ്റങ്ങളെ അംഗീകരിക്കാമെങ്കിലും പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്‍കി മതം മാറുന്നതിനെ ന്യായീകരിക്കാനാകില്ലെന്ന് അഡ്വ. പി. എ. പൗരന്‍ അഭിപ്രായപ്പെട്ടു. സത്യസരണി പോലുള്ള മതപരിവര്‍ത്തനകേന്ദ്രങ്ങള്‍ ആവശ്യമാണോയെന്ന് പൊതുസമൂഹം ഗൗരവപൂര്‍വ്വം ചിന്തിക്കണം. എന്റെ മതം മാത്രം ശരിയെന്ന് ചിന്തിക്കുന്നതും ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.പി. സുഹറ അദ്ധ്യക്ഷത വഹിച്ചു. എ.സജീവന്‍, കെ.കെ. ഷാഹിന തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
















