തിരുവനന്തപുരം: മാര്‍ക്സിസ്റ്റ് അക്രമ രാഷ്‌ട്രീയത്തിനെതിരെ അനന്തപുരിയെ ഇളക്കിമറിച്ച് ഇന്ത്യന്‍ യുവത്വം. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരത്തെ നഗരവീഥികള്‍ കീഴടക്കി.
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രകടനം പിഎംജി ജങ്ഷനില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെത് മ്യൂസിയം പരിസരത്തു നിന്നും ആരംഭിച്ചു. കേരളത്തില്‍ നിന്നുള്ളവരുടെ പ്രകടനം ദേശീയ അധ്യക്ഷന്‍ നാഗേഷ് ഠാക്കൂറും മറ്റുള്ളവരുടേത് ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്രേയും നയിച്ചു. ദേശീയ ഭാരവാഹികളും മുന്‍ നിരയില്‍ അണിനിരന്നു.
പാളയം, സ്റ്റാച്യു വഴി പുത്തരിക്കണ്ടത്ത് പ്രകടനം പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിച്ചു. നാഗേഷ് ഠാക്കൂര്‍, വിനയ് ബിദ്രേ, മുന്‍ ജനറല്‍ സെക്രട്ടറി ശ്രീഹരി ബോറിക്കര്‍, ആര്‍എസ്എസ് നേതാവ് സി. സദാനന്ദന്‍, ദല്‍ഹി സര്‍വകലാശാല യൂണിയന്‍ സെക്രട്ടറി മഹാമേധ നാഗര്‍, ആശിഷ് ചൗഹാന്‍, പശ്ചിമബംഗാളില്‍ നിന്നുള്ള എബിവിപി ദേശീയസെക്രട്ടറി കിഷോര്‍ ബര്‍മന്‍, ജെഎന്‍യുവിലെ എബിവിപി നേതാവ് നിതി ത്രിപാഠി, ദേശീയസെക്രട്ടറി ഒ. നിധീഷ്, സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് എന്നിവര്‍ പങ്കെടുത്തു.
















