തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതിയെ നീക്കാന്‍ നിയമഭേദഗതി. പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയെ പുറത്താക്കാന്‍ കാലാവധി രണ്ടുവര്‍ഷമാക്കി കുറച്ചുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണ്ണര്‍ ഒപ്പുവയ്‌ക്കുന്ന മുറയ്‌ക്ക് നിലവിലെ ബോര്‍ഡിന്റെ കാലാവധി അവസാനിക്കും.
ബോര്‍ഡ് മെമ്പര്‍മാരായ കോണ്‍ഗ്രസ് പ്രതിനിധി അജയ് തറയിലിന്റെയും സിപിഎം അംഗം രാഘവന്റെയും കാലാവധിയും അവസാനിക്കും. 1950 ലെ തിരുവിതാംകൂര്‍ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റുമാര്‍ക്കും അംഗങ്ങള്‍ക്കും നല്‍കുന്ന ഓണറേറിയം കുറവെന്ന പരാതി പരിഹരിച്ച് നിയമം ഭേദഗതി ചെയ്യും. ഇപ്പോള്‍ പ്രസിഡന്റിന്റെ ഓണറേറിയം 5,000 രൂപയും അംഗങ്ങളുടേത് 3,500 രൂപയുമാണ്. സിറ്റിങ് ഫീസ് നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥ ഇല്ല. പത്തുവര്‍ഷം മുമ്പ് നിശ്ചയിച്ച ഓണറേറിയമാണ് നല്‍കുന്നത്. കാലാകാലങ്ങളില്‍ ഓണറേറിയവും സിറ്റിങ് ഫീസും പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥകൂടി പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തും.
കെ. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് നാലുവര്‍ഷമായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി, സിപിഎമ്മിലെ ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായപ്പോള്‍ രണ്ടുവര്‍ഷമാക്കി കുറച്ചിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ എത്തിയ യുഡിഎഫ് സര്‍ക്കാര്‍ ബോര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷമായി ദീര്‍ഘിപ്പിച്ചാണ് മുന്‍എംഎല്‍എ കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണനെ പ്രസിഡന്റായി നിയമിച്ചത്.
ശബരിമല സീസണ്‍ പടിവാതിലിലെത്തി നില്‍ക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നീക്കാനുള്ള സര്‍ക്കാര്‍ നടപടിക്കു പിന്നില്‍ സര്‍ക്കാരും പ്രയാര്‍ ഗോപാലകൃഷ്ണനും തമ്മിലുള്ള കടുത്ത അഭിപ്രായ ഭിന്നത. പ്രയാറിന് ഇനി ഒരു വര്‍ഷം കാലാവധി ബാക്കി നില്‍ക്കെയാണ് പുതിയ ഓര്‍ഡിനന്‍സ്. പ്രയാറിനെ പുറത്താക്കാന്‍ നീക്കം നടക്കുന്നതായി ഒക്‌ടോബര്‍ 20ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
















