കുമളി: ലേലത്തിലൂടെ വിറ്റഴിച്ച ഏലക്കയുടെ നികുതി വ്യാപാരികള്‍ക്ക് മടക്കി നല്‍കാതെ ഏജന്‍സികള്‍ തടഞ്ഞുവച്ചിരിക്കുന്നു. വില്‍പ്പനക്കാര്‍ സ്‌പൈസസ് ബോര്‍ഡിന്റെ അംഗീകൃത ലേല ഏജന്‍സിവഴി വിറ്റഴിക്കുന്ന ഏലക്കയുടെ ജിഎസ്ടി ഇനത്തില്‍ വരുന്ന തുകയാണ് കൈമാറാതെ അനധികൃതമായി കൈവശം വച്ചിരിക്കുന്നത്. സര്‍ക്കാരിലേയ്‌ക്ക് എത്തേണ്ട കോടികളാണ് ഇത്തരത്തില്‍ കിട്ടാതെ കിടക്കുന്നത്, വില്‍പ്പനക്കാരുടെ സംഘടന ഇടപെട്ടിട്ടും നടപടിയായില്ല.
ജിഎസ്ടി വന്നതോടെ അഞ്ച് ശതമാനം നികുതിയാണ് കിലോയ്‌ക്ക് ഏലത്തിന് ഈടാക്കുന്നത്. ഉത്പന്നം വാങ്ങുന്നയാളില്‍ നിന്ന് നികുതി ഈടാക്കി വില്‍പ്പന നടത്തിയ വ്യാപാരിക്ക് നല്‍കേണ്ട ചുമതലയാണ് ഏജന്‍സികള്‍ക്കുള്ളത്. കിലോ ഗ്രാമിന് ഒരു ശതമാനം കമ്മീഷനും ലേല ഏജന്‍സിയ്‌ക്കുണ്ട്. ഒരു കിലോ ഗ്രാം ഏലത്തിന് 800 രൂപയാണ് വിലയെങ്കില്‍ നികുതി 40 രൂപയാണ്. വാങ്ങിയ്‌ക്കുന്ന ആളില്‍ നിന്ന് 840 രൂപ വാങ്ങി, 792 രൂപ വീതമാണ് വില്പനക്കാരന് തിരികെ നല്‍കുന്നത്.
ശരാശരി ഒരു ലക്ഷം കിലോവരെ ഏലക്കായ പ്രതിദിനം സ്‌പൈസസ് ബോര്‍ഡ് അംഗീകൃത ലേല ഏജസികള്‍ മുഖേന വ്യാപാരം ചെയ്യുന്നുണ്ട്. പന്ത്രണ്ടോളം കമ്പനികളാണ് സ്‌പൈസസ് ബോര്‍ഡ് അംഗീകാരത്തോടെ വിപണിയിലുള്ളത്.
ലേല ഏജന്‍സികള്‍ മുഖാന്തിരം വ്യാപാരം നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ ഉത്പന്നം വാങ്ങുമ്പോള്‍ നികുതി നല്‍കുകയും മറിച്ചുവില്‍പ്പന നടത്തുമ്പോള്‍ ഈ തുക തിരികെ ലഭിക്കാതെയും വരുന്നത് തുടര്‍ വ്യാപാരത്തിനും തടസമാകുന്നുണ്ട്. വില്‍പ്പനക്കാരുടെ സംഘടനയായ കേരള കാര്‍ഡമം ഡീലേഴ്‌സ് ചേമ്പര്‍ സംഭവത്തില്‍ പണം വ്യാപാരികള്‍ക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ലേല ഏജന്‍സികള്‍ക്ക് കത്ത് നല്‍കിയിരുന്നു. തരംതിരിക്കാത്ത ഒരു കിലോ ഏലത്തിന് ഇന്നലെ 835.13 രൂപയാണ് വില.
















