ഇടുക്കി: ജില്ലയുടെ ഹൈറേഞ്ച് മേഖലയില്‍ മൂന്നര മാസത്തിനിടെ ചരിഞ്ഞത് കുട്ടിക്കൊമ്പനടക്കം ഏഴ് കാട്ടാനകള്‍. ഏറെയും മൂന്നാര്‍, മറയൂര്‍ മേഖലകളില്‍. മൂന്നാര്‍ ടോപ്പ് സ്‌റ്റേഷന്‍ റോഡില്‍ കുണ്ടള സാന്റോസ് എസ്‌സി കോളനിയിലാണ് അവസാനം കാട്ടാന ചരിഞ്ഞത്. കഴിഞ്ഞ മൂന്നിനായിരുന്നു രണ്ട് വയസ് പ്രായം വരുന്ന കുട്ടിക്കൊമ്പന്റെ അന്ത്യം.
മൂന്നാറില്‍ ജൂലൈ 25ന് ജെസിബി കൊണ്ടുള്ള മര്‍ദ്ദനമേറ്റാണ് ആദ്യം കാട്ടാന ചെരിയുന്നത്. ആഗസ്റ്റ് 5 ന് മറയൂരില്‍ പാറമുകളില്‍ നിന്ന് വീണ് പിടിയാനയും 10ന് മൂന്നാര്‍ തച്ചങ്കരി എസ്‌റ്റേറ്റില്‍ വൈദ്യുതാഘാതമേറ്റ് കൊമ്പനാനയും ചരിഞ്ഞിരുന്നു. 19ന് അടിമാലി നെല്ലിപ്പാറയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടത്തിന്റെ മേല്‍ക്കൂര വീണും കാട്ടാന ചരിഞ്ഞു.
സപ്തംബര്‍ ഒന്നിന് മൂന്നാര്‍ കണ്ണന്‍ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റില്‍ പുതുക്കാട് ഡിവിഷനില്‍ പിടിയാന ചരിഞ്ഞിരുന്നു. 20 വയസ് പ്രായം വരുന്ന ആനയായിരുന്നു ഇത്. ഒക്ടോബര്‍ 23ന് കണ്ണന്‍ ദേവന്‍ കമ്പനി ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ പുതുലയത്തിന് സമീപവും 35 വയസ് പ്രായം വരുന്ന പിടിയാന ചരിഞ്ഞു. വൈദ്യുതാഘാതമേറ്റായിരുന്നു മരണം. രണ്ടാനകളും ഗര്‍ഭിണികളായിരുന്നു.
കാട്ടാന ചരിഞ്ഞതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് കേസുകളിലെ മരണകാരണം ഇത് വരെയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ വിമര്‍ശനം തുടരുമ്പോഴും വനംവകുപ്പ് കാര്യക്ഷമമായി നടപടിയെടുക്കുന്നില്ല എന്ന ആരോപണം ശക്തമാണ്. സംസ്ഥാനത്ത് ഏറ്റവും അധികം വനമുള്ള ജില്ലയാണ് ഇടുക്കി. ഇവിടെ കാട്ടാനകള്‍ ചരിയുന്നത് മൃഗസ്‌നേഹികളുടെ ശക്തമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
മനപൂര്‍വ്വം പ്രദേശവാസികള്‍ ആനയെ കൊല്ലുന്നതായാണ് ഇവരുടെ ആരോപണം. കൃഷിയിടം വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത് തുടരുകയാണെന്നും ഇത് തടയാന്‍ നടപടി വേണമെന്ന വാദം മറുപക്ഷവും ഉയര്‍ത്തുന്നുണ്ട്.
















