ന്യൂദല്‍ഹി: രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ എതിരില്ലാതെ തെരഞ്ഞെടുത്തു. രാജസ്ഥാന്‍ നിയമസഭാ സെക്രട്ടറി പൃഥ്വിരാജ് പുരോഹിതാണ് കണ്ണന്താനത്തിന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഉപരാഷ്‌ട്രപതിയായി എം. വെങ്കയ്യ നായിഡു നിയോഗിക്കപ്പെട്ട ഒഴിവിലേക്കാണ് കണ്ണന്താനത്തെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്.അഞ്ചുവര്‍ഷം കാലാവധി കണ്ണന്താനത്തിന് രാജ്യസഭയില്‍ ലഭിക്കും. ബിജെപിയുടെ വിജയം ഉറപ്പായതിനാല്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം.
വിജയപ്രഖ്യാപന ചടങ്ങില്‍ ബിജെപി രാജസ്ഥാന്‍ അധ്യക്ഷന്‍ അശോക് പര്‍നാമി, മന്ത്രി അരുണ്‍ ചതുര്‍വേദി എന്നിവര്‍ പങ്കെടുത്തു. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്ന കണ്ണന്താനത്തിന് സപ്തംബറില്‍ നടന്ന കേന്ദ്രമന്ത്രിസഭാ പുനസംഘടനയിലാണ് കേന്ദ്ര ടൂറിസം, ഇലക്ട്രോണിക്‌സ്, ഐ,ടി വകുപ്പുകളുടെ സഹമന്ത്രിസ്ഥാനം പാര്‍ട്ടി നല്‍കിയത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കണ്ണന്താനം രാജ്യസഭാംഗമായി ചുമതലയേല്‍ക്കും.
















