പെരുമ്പാവൂര്‍: ലൈംഗിക പീഡനത്തിനിരയായി മരിച്ച നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അച്ഛന്‍ പാപ്പു(65) വീടിന് സമീപം വഴിയരികില്‍ മരിച്ച നിലയില്‍. കുറുപ്പംപടി ചെറുകുന്നം കമ്പനിപ്പടിയിലെ വീടിനുസമീപം ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെയോണ് മൃതദേഹം കണ്ടത്.
വീട്ടില്‍നിന്നും വിറച്ച് നിരങ്ങി പുറത്തിറങ്ങിയ പാപ്പുവിന് അയല്‍വാസിയായ വീട്ടമ്മ കുടിക്കാന്‍ കഞ്ഞിവെള്ളം നല്‍കിയിരുന്നു. ഇവര്‍ ജോലിക്ക് പോയതിനുശേഷമാണ് മരണം സംഭവിച്ചതെന്നാണ് കരുതുന്നത്.
ലോട്ടറി കച്ചവടം കൊണ്ട് ഉപജീവനം നടത്തിയിരുന്ന പാപ്പു വീട്ടില്‍ ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്. രണ്ടു മാസം മുമ്പ് അപകടത്തില്‍പ്പെട്ട് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടുത്തിടെ തീരെ അവശതയിലായി. പോലീസും വിരലടയാള വിദഗ്‌ദ്ധരും എത്തി പരിശോധന നടത്തി.
















