കണ്ണൂര്‍: സിപിഎം നേതാവ് ഇ.പി.ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ അന്ന് മന്ത്രിയായിരുന്ന എം.വി.രാഘവന്‍ തന്നെ മന്ത്രിമന്ദിരത്തിലൊളിപ്പിച്ചതായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ വെളിപ്പെടുത്തല്‍.
എം.വി.രാഘവന്റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സിഎംപി (സി.പി ജോണ്‍ വിഭാഗം) കണ്ണൂരില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിലാണ് സുധാകരന്റെ വെളിപ്പെടുത്തല്‍.
ആന്ധ്ര പൊലീസ് എത്തുന്ന വിവരമറിഞ്ഞ എം.വി. രാഘവന്‍ പാര്‍ട്ടി ഓഫിസിനടുത്ത് നില്‍ക്കുകയായിരുന്ന തന്നെ കാറില്‍ക്കയറ്റി എം.വി. ആറിന്റെ ഔദ്യോഗിക വസതിയിലേക്കു കൊണ്ടു പോവുകയായിരുന്നു.
രണ്ടുദിവസം അവിടെ ഒളിവില്‍ കഴിഞ്ഞെന്നും സംഗതി മണത്തറിഞ്ഞ് സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് വന്നെങ്കിലും രാഘവന്‍ താനവിടെയുളള കാര്യം നിഷേധിക്കുകയും ചെയ്തതായി സുധാകരന്‍ പറഞ്ഞു.
മന്ത്രിമന്ദിരത്തില്‍ കയറി പരിശോധന നടത്താന്‍ പോലീസ് തയ്യാറായില്ല. പിറ്റേന്ന് സ്ഥലത്തെത്തിയ സിഐയെ എംവിആര്‍ ലുങ്കി മടക്കിക്കുത്തി ദേഷ്യപ്പെട്ട് പറഞ്ഞയച്ചു.
പിന്നെയും എത്രദിവസം വേണമെങ്കിലും അവിടെ നില്‍ക്കാമായിരുന്നു. പക്ഷേ, മന്ത്രിമന്ദിരത്തില്‍ ഒളിവില്‍ കഴിയുന്നതു ശരിയല്ലെന്നു തിരിച്ചറിഞ്ഞ് മൂന്നാം ദിവസം അവിടെ നിന്നു മടങ്ങിയതായും സുധാകരന്‍ പറഞ്ഞു.
1995 ഏപ്രിലിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു കേരളത്തിലേക്കു രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ മടങ്ങുന്നതിനിടെ ഇ.പി.ജയരാജന് വെടിയേറ്റത്. വെടിവച്ച ഉടന്‍ ട്രെയിനില്‍ നിന്നു ചാടിരക്ഷപ്പെട്ട ദിനേശ്, ശശി എന്നീ പ്രതികള്‍ പിന്നീടു പിടിയിലായി. പ്രതികള്‍ വാടകക്കൊലയാളികള്‍ മാത്രമാണെന്നും എം.വി. രാഘവനും കെ.സുധാകരനും കൂടിയാണ് അവരെ പറഞ്ഞയച്ചതെന്നുമായിരുന്നു സിപിഎമ്മിന്റെ ആരോപണം.
ജയരാജന്‍ വധശ്രമക്കേസില്‍ രാഘവനെയും സുധാകരനെയും പിന്നീട് ആന്ധ്ര ഓംഗോള്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇരുവരെയും പ്രതിചേര്‍ക്കണമെന്ന് വാദിഭാഗം ആവശ്യപ്പെട്ടെങ്കിലും ആന്ധ്ര ഹൈക്കോടതി അനുവദിച്ചില്ല.
ആവശ്യം സുപ്രീം കോടതിയും പിന്നീട് തള്ളി. ജയരാജന്‍ വധശ്രമത്തില്‍ സുധാകരന്‍ പ്രതിയാണെന്ന സിപിഎം ആരോപണം ഇപ്പോഴും നിലനില്‍ക്കുകയാണ്.
















